ശബരിമല ശ്രീധര്‍മ്മ ശാസ്താവിന് മണ്ഡല പൂജാ വേളയില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയുമായി രഥ ഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയില്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ സുഭാഷ്‌വാസു, പി.കെ. കുമാരന്‍, ദേവസ്വം കമ്മിഷണര്‍ പി.വേണുഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഘോഷയാത്ര 26 ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. അവിടെ നിന്ന് പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍, പമ്പ അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ച് ഗണപതി ക്ഷേത്രത്തിന് മുന്നില്‍ ദര്‍ശനത്തിന് വയ്ക്കും.
വൈകുന്നേരം അഞ്ചോടെ അയ്യപ്പസേവാ സംഘം വളണ്ടിയര്‍മാരുടെ സഹായത്തോടെ ശരംകുത്തിയിലെത്തിക്കുന്ന തങ്കഅങ്കി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്തിലെത്തിക്കും. സോപാനത്തെത്തുന്ന തങ്കഅങ്കി തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സ്വീകരിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി സന്ധ്യാദീപാരാധന നടത്തുന്നതോടെ ഘോഷയാത്രയ്ക്ക് സമാപനമാകും. ആറന്മുള ദേവസ്വം അസി.കമ്മിഷണര്‍ ജി വേണുഗോപാല്‍ ആറന്മുള മുതല്‍ ശബരിമല വരെ ഘോഷയാത്രയെ അനുഗമിക്കും.