ഗാനാര്‍ച്ചനയൊരുക്കി കേരളം പ്രിയകവിക്ക് വിട നല്കി. ഒ എന്‍ വി കുറുപ്പ് തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടത്തില്‍ ആണ് അദ്ദേഹം അന്ത്യനിദ്ര കൊള്ളുന്നത്. പ്രിയപ്പെട്ട കവിക്ക് ഏറ്റവും ഉചിതമായ രീതിയിലാണ് മലയാളം വിട നല്കിയത്. 84 ഗായകര്‍ ചേര്‍ന്നൊരുക്കിയ ഗാനാര്‍ച്ചനയുടെ അകമ്പടിയോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ പുരോഗമിച്ചത്. പൂര്‍ണ ഔദ്യോഗികബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
വഴുതക്കാട്ടെ വസതിയില്‍ നിന്നും വിലപായാത്രയോടെയാണ് മൃതദേഹം തൈക്കാട് എത്തിച്ചത്. ജില്ല ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍ ഉള്‍പ്പെടെ രാഷ്‌ട്രീയ സാമൂഹ്യരംഗത്തെയും കലാ-സാംസ്കാരിക രംഗത്തെയും പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.