പുസ്തകം കൊടുക്കാത്ത മന്ത്രിക്കുള്ളത് പുസ്തകം കീറുന്ന അനുയായികളെന്ന് പിണറായി വിജയന്‍

ചൊവ്വ, 14 ജൂലൈ 2015 (17:36 IST)
സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം കൊടുക്കാത്ത മന്ത്രിക്കുള്ളത് പുസ്‌തകം കീറുന്ന അനുയായികളാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്‌ബുക്കിലൂടെയാണ് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്. മലപ്പുറം ജില്ലയിലെ പുസ്തകം എത്താത്ത ചില സ്കൂളുകളില്‍ എസ് എഫ് ഐ വിതരണം ചെയ്ത പുസ്തകം എം എസ് എഫ് പ്രവര്‍ത്തകര്‍ വലിച്ചു കീറിയിരുന്നു. ഇതിനെക്കുറിച്ചായിരുന്നു പിണറായിയുടെ പരാമര്‍ശം.
 
സംസ്ഥാന സർക്കാർ കേരളത്തിലെ കുഞ്ഞുങ്ങളോട് ചെയ്ത അക്ഷന്തവ്യമായ അപരാധമാണ് പാഠപുസ്തക അച്ചടിയുടെയും വിതരണത്തിന്റെയും അട്ടിമറി. അതുമൂലം കുട്ടികൾ അനുഭവിക്കുന്ന പ്രയാസം ഇല്ലാതാക്കാൻ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നു കൊണ്ടാണ്, എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പുസ്തകം ഫോടോസ്റ്റാറ്റ് എടുത്തു തയാറാക്കി വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
 
തൃപ്രങ്ങോട് കൈനിക്കര എ എം എല്‍ പി സ്കൂളിൽ അങ്ങനെ വിതരണം ചെയ്ത പുസ്തകം കുട്ടികളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും പിടിച്ചു വാങ്ങി നശിപ്പിക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത സംഭവം സമൂഹ മനസാക്ഷിയോടുള്ള വെല്ലുവിളിയാണ്.
 
നാലാം ക്ലാസിലെ 44 വിദ്യാര്‍ഥികള്‍ക്കുള്ള മലയാളം, ഇംഗ്ലീഷ് പാഠപുസ്തകങ്ങളുമായി എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് എം എസ് എഫ് - യൂത്ത് ലീഗ് സംഘം തടഞ്ഞത്. സ്കൂള്‍ അധികൃതരുടെയും പിടിഎയുടെയും അനുവാദം വാങ്ങി വിതരണം ചെയ്യാനെത്തിയ പുസ്തകം കീറിയെരിഞ്ഞത് വിദ്യാഭ്യാസ മന്ത്രിയുടെ അനുയായികൾ തന്നെയാണ് എന്നത് നിസ്സാരമല്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ഈ നെറികെട്ട അക്രമത്തിനും സംസ്കാര ശൂന്യതയ്ക്കും എതിരെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക