തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ നിന്ന് മലയാള ഭാഷ ഒഴിവാക്കാന്‍ നിര്‍ദേശം!

Webdunia
ചൊവ്വ, 28 ജൂലൈ 2015 (10:11 IST)
തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ നിന്ന് മലയാള ഭാഷ ഒഴിവാക്കാന്‍ നിര്‍ദേശം. മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കാന്‍ പാടില്ലെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് മലയാള ഭാഷ തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. മുല്ലപ്പെരിയാര്‍ വിഷയവും വിഷമയമുള്ള പച്ചക്കറി വേണ്ടെന്ന കേരളത്തിന്റെ നിലപാടുകളുമാണ് തമിഴ്‌നാടിന്റെ നീക്കത്തിന് പിന്നില്‍.

1956 ന് മുന്‍പ് കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയില്‍ പത്ത് ലക്ഷത്തോളം മലയാളികളുണ്ട്. ഇവര്‍ക്ക് മലയാള ഭാഷയെ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സൂചന. കേരളത്തില്‍ നൂറോളം സ്‌കൂളുകളില്‍ ഇപ്പോഴും തമിഴ് ഒന്നാം ഭാഷയായി പഠിപ്പിക്കുബോഴാണ് തമിഴ്‌നാട് പുതിയ നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇടുക്കിയില്‍ മാത്രം 52 സ്‌കൂളുകളില്‍ പൂര്‍ണ്ണമായും തമിഴാണ് ഒന്നാം ഭാഷ.

പുതിയ സാഹചര്യം സംജാതമാകുന്നതോടെ തമിഴ്‌നാട്ടില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ് നിലവിലെ സാഹചര്യം. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് മൂലം മലയാളി വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തികരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് വരുന്നത്.