ആറാം തവണയും തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ വാഗ്‌ദാനങ്ങള്‍ നടപ്പാക്കി ജയലളിത. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ 500 ടാസ്‌മാക് ഷോപ്പുകള്‍ (മദ്യവില്പന ശാലകള്‍) അടയ്ക്കാനും അവയുടെ പ്രവര്‍ത്തന സമയം രണ്ടു മണിക്കൂര്‍ കുറയ്ക്കാനും തീരുമാനിച്ചു.
ഇനിമുതല്‍ സംസ്ഥാനത്ത് ടാസ്‌മാക് ഷോപ്പുകള്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെ ആയിരിക്കും തുറക്കുക. നിലവില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം 10 മണി വരെ ആയിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. എ ഐ എ ഡി എം കെയുടെ പ്രകടനപത്രികയില്‍ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് വാഗ്‌ദാനം നല്കിയിരുന്നു. ഇതിന്റെ ആദ്യപടിയെന്നോണമാണ് ഇന്നത്തെ തീരുമാനം.
സംസ്ഥാനത്ത് ആകെ 6720 മദ്യവില്പ്‌നശാലകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. 500 എണ്ണം അടച്ചുപൂട്ടിയതോടെ ഇവയുടെ എണ്ണം 6220 ആയി കുറഞ്ഞു. ഇതിനു പുറമേ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്തിരുന്ന അഞ്ച് ക്ഷേമപദ്ധതികളില്‍ കൂടി മുഖ്യമന്ത്രി ഒപ്പുവെച്ചു. രാവിലെ മദ്രാസ് സര്‍വ്വകലാശാലയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ കെ റോസയ്യ ജയലളിതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.