പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ആറുപേര്‍ കൂടി കുറ്റക്കാര്‍

ബുധന്‍, 12 ജൂലൈ 2023 (12:40 IST)
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ആറു പ്രതികള്‍ കൂടി കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രത്യേക കോടതി. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി പ്രത്യേക ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ കണ്ടെത്തി.
 
രണ്ടാം പ്രതി സജല്‍,മൂന്നാം പ്രതി നാസര്‍,അഞ്ചാം പ്രതി നജീബ്,ഒന്‍പതാം പ്രതി നൗഷാദ്,പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്,പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സജല്‍. അതേസമയം നാലാം പ്രതി ഷഫീഖ്,ആറാം പ്രതി അസീസ്,എഴാം പ്രതി മുഹമ്മദ് റാഫി,എട്ടാം പ്രതി സുബൈര്‍ മന്‍സൂര്‍ എന്നിവരെ തെളിവുകളുടെ അസ്സാന്നിധ്യത്തില്‍ വിട്ടയച്ചു.
 
ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി 2015 ഏപ്രില്‍ 30ന് ഉത്തരവിട്ട വിധിയില്‍ 31 പ്രതികളില്‍ 13 പേരെയാണ് ശിക്ഷിച്ചത്. 18 പേരെ വിട്ടയച്ചിരുന്നു. ഇതിന് ശേഷം പിടികൂടിയ 11 പേരുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. കേസിലെ ഒന്നാം പ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ പറ്റിയുള്ള വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍