ഹസിന്‍ ജഹാന്റെ വാദങ്ങളില്‍ കഴമ്പുണ്ട്, മുഹമ്മദ് ഷമിക്കെതിരായ കേസ് ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

വെള്ളി, 7 ജൂലൈ 2023 (17:17 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹീക പീഡന പരാതി ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്‌റ്റേ നീക്കം ചെയ്യണമെന്ന് ഹര്‍ജി മാര്‍ച്ചില്‍ കല്‍ക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ മെയില്‍ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഹസിന്‍ ജഹാന്റെ പരാതി ഒരു മാസത്തിനകം കോടതി തീര്‍പ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
 
2018 മാര്‍ച്ചിലാണ് മുഹമ്മദ് ഷമിക്കെതിരെ കേസെടുക്കുന്നത്. തുടര്‍ന്ന് 2019 ഓഗസ്റ്റില്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സെഷന്‍സ് കോടതിയില്‍ ഷമി നല്‍കിയ അപ്പീലിലിലാണ് അറസ്റ്റ് വാറന്റ് സ്‌റ്റേ ചെയ്തത്. നാല് വര്‍ഷത്തിലേറെയായി ഈ സ്‌റ്റേ തുടരുകയാണ്. തുടര്‍ച്ചയായി കേസിന്റെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യുന്നത് ന്യായമല്ലെന്ന പരാതിക്കാരിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാല്‍ വിധിയുടെ പകര്‍പ്പ് കിട്ടി ഒരു മാസത്തിനുള്ളില്‍ സെഷന്‍സ് കോടതി കേസ് തീര്‍പ്പാക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍