പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോയിപ്രത്തെ പ്രമാദമായ രമാദേവി കൊലക്കേസിൽ പതിനേഴു വർഷത്തിന് ശേഷം ഭർത്താവായ ജനാർദ്ദനൻ (75) അറസ്റ്റിലായി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് തിരുവല്ല ക്രൈം ബ്രാഞ്ച് റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ ആയ സി.ആർ.ജനാർദ്ദനനെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയായ രമാദേവിയെ 2006 മെയ് 26 നാണു വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന്റെ തുടക്കത്തിൽ സമീപവാസിയായ തമിഴ്‌നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാൽ സംഭവത്തിന് ശേഷം അയൽക്കാരനായ ചുടലമുത്തുവും ഒപ്പം താമസിച്ചിരുന്ന സ്ത്രീയും സ്ഥലം വിട്ടു. ലോക്കൽ പൊലീസിന് ഇവരെ കണ്ടെത്താനും കഴിഞ്ഞില്ല.എന്നാൽ ഏറെ അന്വേഷണത്തിന് ശേഷം സ്ത്രീയെ തെങ്കാശിയിൽ കണ്ടെത്തിയെങ്കിലും ഇവരിൽ കുറ്റം കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ ഭർത്താവ് ജനാർദ്ദനൻ അന്വേഷണം ശരിയല്ലെന്ന് ആരോപിച്ചിരുന്നു. ഇയാൾ ക്രൈം ബ്രാഞ്ച് അന്വേഷണവും ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു.പക്ഷെ കഴിഞ്ഞ ദിവസം ചുടലമുത്തുവിനെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതക കുറ്റം രമാദേവിയുടെ ഭർത്താവായ ജനാർദ്ദനനിൽ തന്നെ പോലീസ് ചുമത്തിയത്.