സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

രേണുക വേണു
ബുധന്‍, 1 മെയ് 2024 (09:28 IST)
തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി തോല്‍ക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകള്‍ ഇത്തവണ സുരേഷ് ഗോപി പിടിക്കില്ലെന്നാണ് ആര്‍എസ്എസ് ജില്ലാ നേതൃത്വം വോട്ടെടുപ്പിന് ശേഷം വിലയിരുത്തിയത്. സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞെന്നും ആര്‍എസ്എസിനു അഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുരേഷ് ഗോപി കുറേക്കൂടി പക്വത കാണിക്കേണ്ടതായിരുന്നെന്നും ആര്‍എസ്എസ് ജില്ലാ നേതൃത്വം വിമര്‍ശിക്കുന്നു. ഇത്തവണയും സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നാണ് വോട്ടെടുപ്പിനു ശേഷം ബിജെപി ജില്ലാ നേതൃത്വവും വിലയിരുത്തിയത്. 
 
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപി നേരത്തെ കമ്മിറ്റ് ചെയ്തതടക്കമുള്ള സിനിമ വര്‍ക്കുകളിലേക്ക് ഇനി കടക്കും. രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കില്ലെങ്കിലും അടുത്ത ഒന്നര വര്‍ഷത്തേക്ക് സിനിമയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക.
 
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാലും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടരും. ഇത്തവണത്തേത് അടക്കം രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുമുണ്ട്. സുരേഷ് ഗോപി എത്തിയതോടെ തൃശൂരിലെ ബിജെപിയുടെ വോട്ട് ബാങ്ക് മെച്ചപ്പെട്ടു വരികയാണ്. ഇക്കാരണത്താലാണ് തുടര്‍ന്നും സുരേഷ് ഗോപി തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
 
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ അടുത്ത ഒന്നര വര്‍ഷക്കാലത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയൊരു ഇടവേള നല്‍കി സിനിമയില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തേയും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമാകുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ആറ് മാസം മുന്‍പേ സുരേഷ് ഗോപി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തൂ.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article