സുരേഷ്‌ ഗോപി സംഭവം; സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്‌എസില്‍ കലാപക്കൊടി

Webdunia
തിങ്കള്‍, 6 ജൂലൈ 2015 (12:59 IST)
എന്‍‌എസ്‌എസ് ബജറ്റ് സമ്മേളനത്തിനിടെ സമ്മേളന ഹാളിലേക്ക് കയറിവന്ന സിനിമാ നടന്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തില്‍ എന്‍‌എസ്‌എസ് ജനറല്‍ സെക്രട്ടടി ജി സുകുമാരന്‍ നായര്‍ക്കെതിരെ സമുദായത്തിനുള്ളില്‍ നിന്ന്  പ്രതിഷേധം ഉയരുന്നതായി സൂചന. സുകുമാരന്‍ നായര്‍ക്കെതിരെ പല കരയോഗങ്ങളും പ്രമേയം പാസാക്കാന്‍ തുടങ്ങിയതായി സൂചനകളുണ്ട്.

ഇപ്പോളിതാ എന്‍‌എസ്‌എസ് വനിതാ വിഭാഗമായ മഹിളാ സമാജവും സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. പത്തനംതിട്ടയില്‍ എന്‍എസ്‌എസ്‌ മഹിളാസമാജമാണ് സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. മല്ലപ്പുഴശേരി വനിതാ സമാജമാണ്‌ ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രമേയം പാസാക്കിയത്‌.

ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റം സംസ്‌കാരശൂന്യമാണെന്ന്‌ പറയുന്ന പ്രമേയം സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സുരേഷ്‌ ഗോപിയെ ഇറക്കിവിട്ടത്‌ ശരിയായില്ല എന്നും പറയുന്നു. സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനം രാജിവച്ചൊഴിയാന്‍ തയ്യാറാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്‌.

വെട്ടിപ്പുറത്ത്‌ എന്‍എസ്‌എസ്‌ പ്രസിഡന്റ്‌ പി.എന്‍. നരേന്ദ്രന്‍ നായരുടെ കരയോഗത്തിലും സുരേഷ്‌ ഗോപി വിഷയത്തില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, പ്രമേയം കൊണ്ടുവന്ന യോഗത്തില്‍ പ്രസിഡന്റ്‌ പങ്കെടുത്തിരുന്നില്ല.