ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്, ജനം മറുപടി പറയണം: കളക്ടറുടെ നോട്ടീസിനെതിരെ സുരേഷ് ഗോപി

Webdunia
ഞായര്‍, 7 ഏപ്രില്‍ 2019 (09:50 IST)
താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കും. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണ്. ഇതിന് ജനം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അയ്യപ്പന്റെ പേരിൽ വോട്ട് തേടിയ സംഭവത്തിൽ തൃശൂർ ജില്ലാ കളക്ടർ ടിവി അനുപമ സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു സുരേഷ് ഗോപി. സ്ഥാനാർത്ഥിക്ക് പുറമേ കളക്ടർ അനുപമയുടെ നടപടിയെ വിമർശിച്ച് ബിജെപിയും രംഗത്തെത്തി. 
 
കളക്ടറുടെ നടപടി വിവരക്കേടാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. അനുപമയുടെ നടപടി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രശ്സ്തി നേടാനുള്ള വെമ്പലോ ആണെന്നും അദ്ദേഹം ആരോപിച്ചു.
 
അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യം ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശ്ശൂർ കളക്ടറുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
 
തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചതിനാണ് നോട്ടീസ്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസിൽ ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടുന്നു.
 
48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക.
 
ഇന്നലെ സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിൻകാട് മൈതാനിയിൽ എൻഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുൻനിർത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടർമാരോട് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article