സമ്മാനങ്ങളില്‍ റെക്കോഡുമായി വിപണിയിലിറങ്ങിയ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ വില്‍പ്പനയിലും 'സൂപ്പര്‍ ബമ്പര്‍'. ഇന്നലെ രാവിലെ 11 മണി കഴിഞ്ഞ ഉടനെ ടിക്കറ്റ് വില്‍പ്പന അമ്പത് ലക്ഷം കവിഞ്ഞു. വൈകുന്നേരമായപ്പോള്‍ വില്പന 50.75 ലക്ഷം. ഇനി വിവിധ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ അവശേഷിക്കുന്നത് 25,000 ടിക്കറ്റുകള്‍ മാത്രം. ഇന്നു രാവിലെ തന്നെ ഈ ടിക്കറ്റുകള്‍ കൂടി വിറ്റഴിയുമെന്നാണ് പ്രതീക്ഷ.
ഇതാദ്യമായാണ് 200 രൂപ വിലയുള്ള ബമ്പര്‍ ടിക്കറ്റ് മുഴുവന്‍ വിറ്റഴിയുന്നത്. ആകെ 51 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്ക് തയ്യാറാക്കിയത്. നാളെ (സെപ്റ്റംബര്‍19) 2.30-ന് തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്ര ഹോമില്‍ നടക്കുന്ന നറുക്കെടുപ്പില്‍ മഹാഭാഗ്യവാന്‍ ആരെന്ന് വ്യക്തമാകും. ആറു കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം ആറു പേര്‍ക്ക് രണ്ടാം സമ്മാനവും നല്‍കുന്ന തിരുവോണം ബമ്പര്‍, സമ്മാനങ്ങളുടെ കാര്യത്തിലും പുതുമയായിരുന്നു. ഏഴു കോടീശ്വരന്മാര്‍ക്കു പുറമെ 83 ലക്ഷപ്രഭുക്കളെയും ഒരു ലക്ഷത്തിലധികം ഭാഗ്യവാന്‍മാരെയും സൃഷ്ടിക്കുന്ന ആദ്യത്തെ ബമ്പര്‍ നറുക്കെടുപ്പാണ് നാളെ നടക്കുന്നത്.
ഇതില്‍ നിന്ന് 2.9 കോടി രൂപയും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 1.44 കോടി രൂപയും ഏജന്റുമാര്‍ക്ക് കമ്മിഷനായി ലഭിക്കും. കഴിഞ്ഞ വര്‍ഷം തിരുവോണം ബമ്പര്‍ 48 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ 46.23 ലക്ഷമാണ് വിറ്റഴിക്കാന്‍ കഴിഞ്ഞത്. ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന 20-ാം തീയതി ആരംഭിക്കും. രണ്ടു കോടി രൂപ ഒന്നാം സമ്മാനവും ഇരുപതു ലക്ഷം രൂപ വീതം അഞ്ചു പേര്‍ക്ക് രണ്ടാം സമ്മാനവും രണ്ടു ലക്ഷം വീതം പത്തു പേര്‍ക്ക് മൂന്നാം സമ്മാനവും നല്‍കുന്ന പൂജ ബമ്പറിന്റെ വില 100 രൂപയാണ്. നറുക്കെടുപ്പ് നവംബര്‍ 18-ന് നടത്തും.