സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് നോക്കി ഒരാള്‍ നില്‍ക്കുന്നു, വേഷം സന്യാസിയുടേത്, താടിവടിച്ചിട്ടുണ്ട്; പൊലീസ് അന്ന് പൊക്കിയത് കുറുപ്പിനെ തന്നെ, പിന്നീട് വിട്ടയച്ചു !

ഞായര്‍, 14 നവം‌ബര്‍ 2021 (09:35 IST)
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കേരള പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നും എന്നാല്‍ പൊലീസിന്റെ പിഴവുകൊണ്ട് പിന്നീട് രക്ഷപ്പെട്ടുവെന്നും മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. താടിവടിച്ച്, മുഖത്തെ മറുക് മാറ്റി സന്യാസിയുടെ വേഷത്തിലായിരുന്നു അന്ന് കുറുപ്പ്. ആലപ്പുഴ പൊലീസ് ആണ് പിടികൂടിയത്. എന്നാല്‍, ആളെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. പിടികൂടി നാലുമണിക്കൂറിനുശേഷം കുറുപ്പിനെ വിട്ടയക്കുകയായിരുന്നെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. 'അതൊരു പിഴവായി കാണാനാകില്ല. അന്നത്തെ സംവിധാനങ്ങള്‍വെച്ച് വിരലടയാളം പരിശോധിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. നാലുദിവസത്തിനുശേഷമേ ഫലം കിട്ടുകയുള്ളൂ. അപ്പോഴാണ് പിടിച്ചത് കുറുപ്പിനെ തന്നെയായിരുന്നു എന്ന് മനസിലായത്,' അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. 
 
'ചാക്കോ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച ശേഷമാണ് കുറുപ്പിനെ സംശയകരമായ സാഹചര്യത്തില്‍ പൊലീസ് പിടികൂടിയത്. ആലപ്പുഴയില്‍ കുറുപ്പ് നിര്‍മിച്ചുകൊണ്ടിരുന്ന വീടിനു സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സന്യാസിയെ പോലെ വേഷം ധരിച്ചൊരാള്‍ സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത വീട് നോക്കി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. ചോദ്യംചെയ്തെങ്കിലും സംശയം ഉണ്ടാകാത്തതിനാല്‍ വിരലടയാളം ശേഖരിച്ചശേഷം വിട്ടയച്ചു. സുകുമാരക്കുറുപ്പിന്റെ വിരലടയാളം എല്‍.ഐ.സി. പോളിസിയില്‍നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ഒത്തുനോക്കിയപ്പോഴാണ് സുകുമാരക്കുറുപ്പാണെന്ന് മനസ്സിലായത്. അപ്പോഴേക്കും ഇയാള്‍ മുങ്ങിയിരുന്നു. ഭോപ്പാലിലും അയോധ്യയിലും പിന്നീട് പൊലീസ് തെരച്ചില്‍ നടത്തി. പക്ഷേ, കിട്ടിയില്ല,' അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍