ഒരു രക്തസാക്ഷിയുടെ മാതാവും ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്: സുധാകരൻ

വ്യാഴം, 13 ഏപ്രില്‍ 2017 (08:18 IST)
നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് സമരം ചെയ്ത ജിഷ്ണു പ്രണോയ്‌യുടെ അമ്മ മഹിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ. ഒരു രക്തസാക്ഷികളുടെ മാതാവും ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തതെന്ന് സുധരകൻ ആരോപിക്കുന്നു. കോറോം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ വിമർശനം. 
 
ഒരു രക്തസാക്ഷിയുടെ മാതാവും പാർട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കൊല നടത്തിയവർക്കെതിരെ പരാതി പറയാനല്ല, പ്രതികളെ പിടിക്കുന്നവർക്കെതിരെ പരാതി പറയാനാണ് ജിഷ്ണുവിന്റെ അമ്മ തയ്യാറായതെന്നും സുധാകരൻ 
ആരോപിച്ചു. കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ ജഡ്ജിക്കു മുന്നിലേക്ക് ജിഷ്ണുവിന്റെ മാതാവിനെയും കൂട്ടി സമരക്കാർ പോകാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 
 
മക്കൾ നഷ്ടപ്പെട്ട അമ്മമാർ ഏറ്റവും കൂടുതലുള്ള ജില്ലയാണ് കണ്ണൂർ. കണ്ണൂർ ജില്ലയിൽ മാത്രം കമ്യൂണിസ്റ്റുകാരാണെന്ന ഒറ്റക്കാരണത്താൽ മക്കൾ നഷ്ടപ്പെട്ട അമ്മമാരുണ്ട്. സ്വന്തം കൺമുന്നിൽ മക്കളെ വെട്ടിനുറുക്കി കൊല്ലുന്നത് കാണേണ്ടിവന്ന അമ്മമാരുണ്ട്. അവരൊന്നും പാർട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. കേരളത്തിലെ ഒരു രക്തസാക്ഷി കുടുംബവും പാർട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ള വിജയം. 
 
കേരളത്തിലെ ഒരു രക്തസാക്ഷിയുടെയും മാതാവ് ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്. രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീർ പരിശുദ്ധമാണ്. ജിഷ്ണു കേസിലെ പ്രതികൾ‌ക്ക് ജാമ്യം നൽകിയത് ശരിയായില്ല. എന്നാൽ, കോടതിയെ വിമർശിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക