കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഹൈദരബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്തത് ഒമ്പത് ദളിത് വിദ്യാര്‍ത്ഥികള്‍

Webdunia
ചൊവ്വ, 19 ജനുവരി 2016 (11:36 IST)
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്തത് ഒമ്പതു ദളിത് വിദാര്‍ത്ഥികള്‍. എന്നാല്‍, റോഹിത് വെമുലയുടെ ആത്മഹത്യയാണ് കാമ്പസിനുള്ളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അവഗണന പുറംലോകം അറിയാന്‍ കാരണമായത്. പക്ഷേ, ഹൈദരബാദ് സര്‍വ്വകലാശാല കാമ്പസിനുള്ളില്‍ ആത്മഹത്യ ചെയ്ത ആദ്യത്തെ ദളിത് വിദ്യാര്‍ത്ഥിയല്ല രോഹിത് എന്നറിയുമ്പോള്‍ ഈ കാമ്പസിനുള്ളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിട്ട അവഗണനയുടെ ആഴം മനസ്സിലാകും.
 
“രോഹിതിനെ കൂടാതെ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ എട്ടു വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്തത്. ഇത് ഒരു ചെറിയ സംഖ്യയല്ല. എന്നാല്‍, സര്‍വ്വകലാശാല ദളിത് വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തില്‍ ഇടപെട്ടില്ല. രോഹിത്തിന്റെ മരണം പ്രധാനചര്‍ച്ചയായതോടെ ആണ് സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്ന ജാതീയത ഒരു വലിയ വിഷയമായിരിക്കുന്നത്” - ഹൈദരബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സുഹൈല്‍ കെ പി പറഞ്ഞു.
 
‘കാമ്പസിലെ മുന്നോക്കക്കാരായ മിക്ക വിദ്യാര്‍ത്ഥികളും ദളിതരായ വിദ്യാര്‍ത്ഥികളെ രണ്ടാംതരം മനുഷ്യരായാണ് കാണുന്നത്.  പല സന്ദർഭങ്ങളിലും ദളിത് വിദ്യാര്‍ത്ഥികള്‍ അവഹേളനത്തിന് ഇരയാക്കപ്പെടുന്നു. ഇത് ദേശീയ അപമാനമാണ്. ഈ ഫ്യൂഡൽ മാനസികാവസ്ഥ മാറ്റിയെടുക്കാതെ നമ്മുടെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ല്' - പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ആയ മാര്‍ക്കണ്ഡേയ കട്‌ജു ഫേസ്‌ബുക്കില്‍ കുറിച്ചു.