കഴിഞ്ഞ ആറ് ദിവസങ്ങൾക്കുള്ളിൽ 17 പേർ രോഗബാധിതരായതോടെ കോട്ടയത്തെ റെഡ്സോണാക്കി പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാർഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. സുരക്ഷിതമേഖലയായ ഗ്രീൻ സോണിലായിരുന്ന കോട്ടയം ജില്ല വെറും 6 ദിവസങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളുള്ള റെഡ് സോൺ പ്രദേശമായി മാറിയിരിക്കുന്നത്. ജില്ലയിൽ നിലവിൽ 3 ദിവസങ്ങൾക്ക് മാത്രമാണ് അവശ്യസർവീസുകൾക്ക് പോലും അനുമതിയുള്ളത്. പോലീസ് പരിശോധന സംവിധാനങ്ങളും ജില്ലയിൽ ശക്തമാക്കി.
കോട്ടയത്ത് രോഗം വർധിക്കുന്ന സാഹചര്യത്തിൽ സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാൻ വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്നായി ദിവസവും ഇരുനൂറിലധികം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനം.ജില്ലയിൽ പരിശോധന ഫലങ്ങൾ വൈകുന്നതായി ആക്ഷേപമുണ്ട്.നിരീക്ഷണത്തിൽ അല്ലാത്തവർക്കും രോഗം കണ്ടെത്തിയ സാഹചര്യമാണ് ആരോഗ്യപ്രവർത്തകരെ ഇപ്പോൾ കുഴക്കുന്നത്.കോട്ടയം മാർക്കറ്റിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിക്ക് ഉൾപ്പെടെ എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് ഇന്യും വ്യക്തമല്ല. ദിവസവും രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക മെഡിക്കൽ ടീം വേണമെന്ന ആവശ്യവും കോട്ടയത്തിൽ നിന്നും ഉയരുന്നുണ്ട്.