തെരുവ് നായയുടെ ആക്രമണം വീണ്ടും; അങ്കണവാടിയിലെ കുട്ടികളെ തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചു

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (16:51 IST)
അങ്കണവാടിയിലേക്ക് ഓടിക്കയറിയ തെരുവുനായ കുഞ്ഞുങ്ങളെ ആക്രമിച്ചു. മൂവാറ്റുപുഴ കാലാമ്പൂരിലെ അങ്കണവാടിയിലാണ് സംഭവം.  നാല് വയസ്സുകാരി ആദികൃഷ്ണ, മൂന്ന് വയസ്സുകാരി മീനാക്ഷി എന്നിവര്‍ക്കാണ് നായയുടെ അക്രമത്തില്‍ പരിക്കേറ്റത്.ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശുചിമുറിയിലേക്ക് പോകാനിറങ്ങിയ ആദികൃഷ്ണയുടെ ദേഹത്തേക്ക് നായ ചാടി വീഴുകയായിരുന്നു. അതിനു ശേഷം അങ്കണവാടിയുടെ ഉള്ളിലായിരുന്ന മീനാക്ഷിയുടെ കൈയിലും കടിച്ചു.
 
കുഞ്ഞുങ്ങളുടെ ബഹളം കേട്ട് സമീപത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ഓടിയെത്തി. ഇവരേയും നായ വെറുതെ വിട്ടില്ല.  നായയുടെ ആക്രമണത്തില്‍ അങ്കണവാടി അധ്യാപിക ഷേര്‍ളി, തൊഴിലാളിയായ ത്രേസ്യാക്കുട്ടി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.  കൈവിരലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ത്രേസ്യാക്കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപികയെയും കുട്ടികളെയും ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.