കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് ഹൈബി ഈഡന്‍; അപ്രായോഗികമെന്ന് മുഖ്യമന്ത്രി, ആവശ്യം തള്ളി

ശനി, 1 ജൂലൈ 2023 (15:58 IST)
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് എറണാകുളം എംപിയായ ഹൈബി ഈഡന്‍ വിചിത്ര ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഹൈബി ഈഡന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിശിതമായി എതിര്‍ത്തു. 
 
ഈ നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. വളരെ വിചിത്രമായ ആവശ്യമാണ് ഇതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്. ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസിനുള്ളത് കൊണ്ടാണോ പാര്‍ട്ടി എംപി ഇങ്ങനെയൊരു സ്വകാര്യ ബില്‍ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. 
 
സംസ്ഥാന രൂപീകരണം മുതല്‍ തിരുവനന്തപുരം തലസ്ഥാനമായി തുടരുകയാണ്. അതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. കൊച്ചി വലിയ മഹാനഗരമാണ്. ഇനിയും വികസിക്കാനുള്ള സ്ഥലപരിമിതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവിടെയുണ്ട്. ഒരു കാരണവും ഇല്ലാതെ തലസ്ഥാനം ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുക എന്നത് അതിഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍