എസ്എസ്എല്‍സി ഫലം ഇന്ന്; റിസള്‍ട്ട് അറിയാന്‍ വിപുലമായ സംവിധാനങ്ങള്‍

Webdunia
ബുധന്‍, 27 ഏപ്രില്‍ 2016 (07:49 IST)
എസ്എസ്എല്‍സി ഫലം ഇന്നു രാവിലെ 11ന് പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റിലെ പിആര്‍  ചേംബറില്‍ ചീഫ് സെക്രട്ടറി പികെ മൊഹന്തി ഫലം പ്രഖ്യാപിക്കും. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ മന്ത്രി പങ്കെടുക്കില്ല. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ ലോകമെമ്പാടും റിസള്‍ട്ട് അറിയാന്‍ ഐടി സ്കൂള്‍ വിപുലമായ സംവിധാനങ്ങള്‍ ഇക്കൊല്ലം ഒരുക്കിയിട്ടുണ്ട്.

474286 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 473753 പേര്‍ കേരളത്തിലും 533 പേര്‍ ഗള്‍ഫിലുമാണ് എഴുതിയത്. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് www.result.kerala.gov.in, www.results.itschool.gov.in, www.result.itschool.gov.in, www.keralapareekshabhavan.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. സിറ്റിസണ്‍സ് കാള്‍ സെന്‍റര്‍ മുഖേന 155300 (ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471155300 (ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും.

സംസ്ഥാനതലത്തില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി നിമിഷങ്ങള്‍ക്കകം സംസ്ഥാനത്തെ എല്ലാ എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രങ്ങളിലും റിസള്‍ട്ട് ലഭ്യമാക്കുന്നതിനുളള സംവിധാനങ്ങളും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.
Next Article