സ്‌കൂള്‍ കുട്ടികള്‍ക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന ആരോപണത്തില്‍ നടൻ ശ്രീജിത്ത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചു എന്ന കേസില്‍ പാലക്കാട് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ നല്‍കിയ പരാതിയില്‍ ഇന്നലെയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.
ശ്രീജിത് രവിയുടെ ഫോട്ടോ കാണിച്ചുള്ള തിരിച്ചറിയല്‍ പരേഡില്‍ കുട്ടികള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരമാണ് ശ്രീജിത് രവിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒറ്റപ്പാലം പത്തിരിപ്പാല ചന്തയ്‌ക്ക് സമീപം നിർത്തിയിട്ട കാറിലിരുന്ന യുവാവ് വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്നായിരുന്നു ശ്രീജിത്തിനെതിരായ റിപ്പോർട്ട്. പെണ്‍കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് വിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പെണ്‍കുട്ടികള്‍ കാറിന്റെ നമ്പര്‍ പൊലീസിന് കൈമാറിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ഉടമ നടന്‍ ശ്രീജിത്ത് രവിയാണെന്ന് വ്യക്തമായത്. ഇതിനേ തുടര്‍ന്നാണ് ഒറ്റപ്പാലം പൊലീസ് ശ്രീജിത്ത് രവിയെ കസ്‌റ്റഡിയിലെടുത്തത്.
അതേസമയം, ആരോപണം വാസ്തവവിരുദ്ധമെന്ന് ശ്രീജിത്ത് രവി പറഞ്ഞിരുന്നു.
ശ്രീജിത്ത് രവിയുടെ പ്രസ്‌താവന:-
‘പൊലീസ് പറയുന്ന സംഭവത്തിൽ ഉൾപ്പെട്ട കാറിന്റെ നമ്പർ എന്റേതു തന്നെയാണ്. പക്ഷേ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. വിദ്യാർഥിനികൾക്കു പറ്റിയ തെറ്റാകാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം. പൊലീസിനു മുൻപിൽ എന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. ഉടൻതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നു പ്രതീക്ഷിക്കുന്നു.’