ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള നാല് ട്രസ്റ്റുകളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. ട്രസ്റ്റുകള്‍ക്ക് ക്ഷേത്രവുമായി ബന്ധമില്ലെന്നും സ്വയംഭരണമാണ് ട്രസ്റ്റുകളില്‍ നടക്കുന്നതെന്നുമുള്ള രാജകുടുംബത്തിന്റെ വാദം തള്ളിക്കൊണ്ടാണ് ഓഡിറ്റിംഗ് നിര്‍ദ്ദേശം സുപ്രീം കോടതി നല്‍കിയത്. അതാത് ട്രസ്റ്റുകള്‍ ആവശ്യമുള്ള രേഖകള്‍ ഉടന്‍തന്നെ ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിന് വേണ്ടിവരുന്ന ചെലവുകള്‍ ക്ഷേത്രസമിതി വഹിക്കണമെന്ന് പറഞ്ഞ കോടതി ഓഡിറ്റിംഗ് ചുമതല മുന്‍ സിഎജി വിനോദ് റായിയെ ഏല്‍പ്പിച്ചു.
ക്ഷേത്രത്തിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് വിനോദ് റായി ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം നവംബറില്‍ സമര്‍പ്പിച്ചിരുന്നു. പിന്നീട് ഈ വര്‍ഷം ഫിബ്രവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്‍കിയ 893.644 കിലോഗ്രാം സ്വര്‍ണത്തില്‍ 266.272 കിലോഗ്രാം നഷ്ടമായെന്ന് വിനോദ് റായ് വ്യക്തമാക്കിയിരുന്നു. അത് വിവാദമായിരുന്നു.