സ്പോര്‍ട്സ് ലോട്ടറി സംബന്ധിച്ച അഴിമതി ആരോപണം; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ടി പി ദാസന്‍

ശനി, 25 ജൂണ്‍ 2016 (15:43 IST)
സ്പോര്‍ട്സ് ലോട്ടറി സംബന്ധിച്ച  അഴിമതി ആരോപണത്തില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി പി ദാസന്‍. സ്പോര്‍ട്സ് ലോട്ടറി നടത്തിയതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് 1.35 കോടിയിലേറെ രൂപയാണ് കിട്ടാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
 
നാല് ജില്ല കൌണ്‍സിലുകളില്‍ നിന്നായി 8.87 ലക്ഷം രൂപയും ആറ് സ്പോര്‍ട്സ് അസോസിയേഷനുകളില്‍ നിന്നായി അഞ്ചു ലക്ഷത്തിലേറെ രൂപയും കൌണ്‍സിലിന് ലഭിക്കാനുണ്ട്. സ്പോര്‍ട്സ് ലോട്ടറി നടപ്പിലാക്കിയിരുന്ന കാലത്ത് സ്പോര്‍ട് കൌണ്‍സില്‍ പ്രസിഡന്റ് ആയിരുന്നു ടി പി ദാസന്‍.
 
കൌണ്‍സിലിന് ലഭിക്കാനുണ്ടായിരുന്ന തുക സ്പോര്‍ട്സ് അസോസിയേഷനുകള്‍ക്കും ജില്ല കൌണ്‍സിലുകള്‍ക്കും നല്കുന്ന ഗ്രാന്റുകളില്‍ നിന്ന് ഈടാക്കാന്‍ കൌണ്‍സില്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ലോട്ടറി സംബന്ധിച്ച അഴിമതി ആരോപണത്തില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. അന്വേഷണം വിഷയത്തില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
 
വിവാദത്തെ തുടര്‍ന്ന് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് അഞ്ജു ബോബി ജോര്‍ജ് രാജി വെച്ചിരുന്നു. രാജി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്പോര്‍ട്സ് ലോട്ടറിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അവര്‍ ആരോപിച്ചിരുന്നു. വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ഇതു സംബന്ധിച്ച് പരാതിയും നല്കിയിരുന്നു.
 
അഞ്ജു രാജിവെച്ച പശ്ചാത്തലത്തില്‍ ടി പി ദാസനെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതേസമയം, സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്കായി ലാഭം വിനിയോഗിക്കുക എന്ന ലക്‌ഷ്യത്തോടെയാണ് താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ലോട്ടറി ആരംഭിച്ചതെന്ന് ടി പി ദാസന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക