സ്പോർട്സ് കൗൺസിൽ അഴിമതിയിൽ ത്വരിതപരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസ് ഉത്തരവിട്ടു. വിജിലൻസ് തിരുവനന്തപുരം യൂണിറ്റായിരിക്കും അന്വേഷണം നടത്തുക. സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ അഞ്ജു ബോബി ജോർജ് അടക്കമുള്ളവർ നൽകിയ പരാതിയിലാണ് അന്വേഷണം.
വിഎസ് അച്യുതാനന്ദന്‍ സർക്കാരിന്റെ കാലം മുതലുള്ള പത്തുവർഷത്തിനിടെ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ അരങ്ങേറിയ ഗുരുതര ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് അഞ്ജു അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പോർട്സ് ലോട്ടറി, കൗൺസിൽ ചെലവിലെ വിദേശ യാത്രകൾ, സ്പോർട്സ് കൗൺസിൽ ചെലവിൽ വിദേശ പരിശീലനം, മൂന്നാർ ഹൈ ഓൾട്ടിറ്റ്യൂഡ‍് ട്രെയ്നിങ് സെന്റർ, ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ നിർമാണം തുടങ്ങിയവയിൽ അഴിമതി നടന്നുവെന്നാണ് അഞ്ജു ആരോപിച്ചിരുന്നത്.