എല്‍ഡിഎഫിന് വോട്ട് ചെയ്‌തത് ഉമ്മന്‍ചാണ്ടിയാണോ ?; രാജഗോപാലിന് മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാൻ അവകാശമുണ്ട്- കുമ്മനം

Webdunia
ശനി, 4 ജൂണ്‍ 2016 (13:24 IST)
സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്‌ണന് വോട്ട് ചെയ്ത ബിജെപി എംഎല്‍എ ഒ രാജഗോപാലിനെ പിന്തുണച്ച് പാർട്ടി സംസ്ഥാന പ്രസി‌ഡന്റ് കുമ്മനം രാജശേഖരൻ രംഗത്ത്. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാൻ അദ്ദേഹത്തിന് അവകാശമുണ്ട്. ആർക്ക് വോട്ട് ചെയ്യണമെന്ന് സ്വയം തീരുമാനമെടുക്കാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്നും കുമ്മനം വ്യക്തമാക്കി.

യുഡിഎഫില്‍ നിന്ന് ഒരു വോട്ട് അധികം എല്‍ഡിഎഫിന് ലഭിച്ചതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണോ എന്ന് അറിയേണ്ടതുണ്ട്. ആരാണ് വോട്ട് മറിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കേണ്ടതുണ്ട്. ജനങ്ങളോടാണ് ഈ കാര്യം പറയേണ്ടത്. യുഡിഎഫ് എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടും വോട്ട് മറിഞ്ഞത് എന്തുകൊണ്ടാണെന്നും കുമ്മനം ചോദിച്ചു.

അതേസമയം, യുഡിഎഫിന് നഷ്ടപ്പെട്ട വോട്ട് പരിശോധിക്കുമെന്നും പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാകാമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. രാജ ഗോപാല്‍ ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌തതിലൂടെ  ഇടത്പക്ഷ മുന്നണിയും ബിജെപിയും തമ്മിലുള്ള കൂട്ട് കെട്ട് വ്യക്തമായെന്നും വെള്ളിയാഴ്‌ച അദ്ദേഹം പറഞ്ഞിരുന്നു.
Next Article