സൌമ്യ വധക്കേസില്‍ സുപ്രീംകോടതി വിധി ഇന്നു വരാനിരിക്കെ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൌമ്യയുടെ അമ്മ സുമതി. ‘മനോരമ ന്യൂസി’നോടാണ് സൌമ്യയുടെ അമ്മ പ്രതീക്ഷകള്‍ പങ്കുവെച്ചത്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി പ്രതീക്ഷിക്കുന്നു. നീതി കിട്ടുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.
സൌമ്യ വധക്കേസില്‍ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കേയാണ് സുമതിയുടെ പ്രതികരണം. രാവിലെ പത്തരയ്ക്കാണ് വിധി പറയുക. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രോസിക്യൂഷന് പ്രതികൂലമായ നടപടി കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.