സോളർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും കേസില്‍ വിവാദനായകനുമായ ബെന്നി ബഹനാൻ. രണ്ടുതവണ സരിതയുമായി സംസാരിച്ചുവെങ്കിലും അവര്‍ക്കായിട്ട് ഒന്നും ഞാന്‍ ചെയ്‌തു നല്‍കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഉമ്മൻചാണ്ടി തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സോളർ കമ്മിഷനില്‍ അദ്ദേഹം മൊഴി നല്‍കി.
സരിതയെയോ ബിജു രാധാകൃഷ്ണനെയോ നേരിൽ കണ്ടിട്ടില്ല. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സരിതയോട് ഫോണില്‍ സംസാരിച്ചത്. എന്നാല്‍ ആ വിഷയങ്ങളിലൊന്നും താന്‍ ഇടപെടുകയോ പരിഹാരം ഉണ്ടാക്കി കൊടുക്കുകയോ ചെയ്‌തിട്ടില്ല. സരിത ജയിലിൽ വച്ച് ആദ്യം തയാറാക്കിയ കുറിപ്പ് പിന്നീട് നാലു പേജായി ചുരുങ്ങിയതിനു പിന്നിൽ ഒരിടപെടലും താൻ നടത്തിയിട്ടില്ലെന്നും ബെന്നി മൊഴി നൽകി.
ലൈംഗികാരോപണക്കേസിൽ എപി അബ്ദുല്ലക്കുട്ടിക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ അപേക്ഷ നൽകണമെന്നുs ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെ സരിതയോട് ആവശ്യപ്പെട്ടെന്ന സരിതയുടെ മൊഴി തെറ്റാണ്. ഫെനിയുടെ ഫോണിലൂടെ ഒരിക്കലും സരിതയോടു സംസാരിച്ചിട്ടില്ല. ഫെനിയെ കണ്ടിട്ടുണ്ട്. എന്നാൽ വ്യക്തിപരമോ കേസ് സംബന്ധമായോ ഒരു ബന്ധവും ഫെനിയുമായില്ലെന്നും ബെന്നി വ്യക്തമാക്കി.