സോളാര്‍ കേസ്: മജിസ്ട്രേറ്റ് എന്‍ വി രാജുവിനെതിരായ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു

Webdunia
വ്യാഴം, 16 ജൂലൈ 2015 (14:35 IST)
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട് എന്‍ വി രാജുവിന് എതിരായ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. സോളാര്‍ കേസിലെ പ്രതി സരിതയുടെ മൊഴി എടുക്കാതിരുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് എതിരായ നടപടികള്‍ ആണ് പിന്‍വലിച്ചത്.
 
സരിതയുടെ മൊഴി എടുക്കാതിരുന്നതുമായി ബന്ധപ്പെട്ട് അന്വേഷിച്ച ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു തീരുമാനം. താന്‍ മൊഴിയെടുക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് വിജിലന്‍സിന് വിശദീകരണം നല്‍കിയിരുന്നു.
 
നടപടിക്രമങ്ങളില്‍ ചില അപാകതകളുണ്ടായി എന്നതു മാത്രമാണ് മജിസ്ട്രേറ്റില്‍ നിന്നുണ്ടായ വീഴ്ചയെന്നാണ് ഹൈകോടതി വിജിലന്‍സ് രജിസ്ട്രാര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്. സരിതയില്‍ നിന്ന് രഹസ്യമൊഴിയെടുക്കാന്‍ തയ്യാറായതും തുടര്‍ന്ന് ഉണ്ടായ നടപടികളും നല്ല ഉദ്ദേശ്യത്തോടു കൂടിയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.