സോളാർ കേസിൽ അറസ്റ്റിലായി താൻ പത്തനംതിട്ട ജയിലിൽ കഴിയവെ എഴുതിയ കത്ത് കൈമാറിയത് കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണ പിള്ളയ്ക്കണെന്ന് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായർ. കത്ത് 21 പേജുള്ളതാണെന്ന ജയില്‍ സൂപ്രണ്ടിന്റെ മൊഴി തെറ്റാണ്. 23 പേജുള്ളതായിരുന്നു കത്ത്. കത്ത് ഹാജരാക്കാന്‍ സമയം അനുവദിക്കണം. അറസ്റ്റിലായ സമയത്ത് തന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കോടതിയിലെത്തിയിട്ടില്ല. പിടിച്ചെടുത്ത മുഴുവന്‍ സാധനങ്ങളും മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സോളാര്‍ കമ്മീഷന് മുന്നില്‍ സരിത പറഞ്ഞു.
ആർ ബാലകൃഷ്ണപിള്ളയുമായി മൂന്നുവട്ടം താൻ കൂടിക്കാഴ്ച നടത്തിയതായിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തതിനുശേഷമായിരുന്നു പിള്ളയുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ച നടന്നത്. കെബി ഗണേഷ്കുമാറുമായുള്ള അടുപ്പം വച്ചാണു ബാലകൃഷ്ണപിള്ളയെ പരിചയപ്പെട്ടത്.
പിള്ളയുടെ പാർട്ടിക്കാരനായ ശരണ്യ മനോജ്, ഗണേഷ്കുമാറിന്റെ പിഎ പ്രദീപ്കുമാർ എന്നിവരെ അറിയാം. ജയിൽ മോചിതയായ താൻ അന്നു രാത്രി താമസിച്ചതു ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്കു ചിലതു രഹസ്യമായി പറയാനുണ്ടെന്നു മജിസ്ട്രേറ്റിനോട് അഭ്യർഥിച്ചതിനെത്തുടർന്ന് ഉച്ചതിരിഞ്ഞ് അദ്ദേഹം സമയം അനുവദിച്ചു. 20 മിനിറ്റ് താൻ അദ്ദേഹവുമായി സംസാരിച്ചത് അദ്ദേഹം കുറിച്ചെടുത്തു. ഇക്കാര്യങ്ങൾ പരാതിയായി എഴുതി കോടതിയിൽ നൽകാൻ പറഞ്ഞു തന്നെ മടക്കിയയച്ചു. തിരിച്ച് പത്തനംതിട്ട ജയിലിലേക്കാണു തന്നെ കൊണ്ടുപോയത്. അവിടെവച്ച് വിശദമായ കുറിപ്പെഴുതി ജയിൽ സൂപ്രണ്ടിനെ ഏൽപിച്ചു. 23 പേജുള്ള കത്താണ് ജയില്‍ സൂപ്രണ്ടിന് നല്‍കിയത്. ജയില്‍ സൂപ്രണ്ട് തന്റെ പരാതി വായിച്ചു നോക്കിയ ശേഷം അത് ഫെനി ബാലകൃഷ്ണന് നല്‍കിയെന്നും സരിത പറഞ്ഞു.
ഫെനി മുഖേന ഗണേഷ്കുമാറിന്റെ പിഎ പ്രദിപിന്റെ കൈവശമാണ് കത്ത് പിള്ളക്ക് കൊടുത്തയച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഈ കത്ത് പിള്ളക്ക് ലഭിച്ചതായി അറിയാൻ കഴിഞ്ഞു. അറസ്റ്റിലായ സമയത്ത് തന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കോടതിയിലെത്തിയിട്ടില്ല. ഒരു ലാപ്ടോപ്പ്, നാല് മൊബൈല്‍ ഫോണ്‍, ആറ് സിഡി, മൂന്ന് പെന്‍ഡ്രൈവ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. എന്നാല്‍ ലാപ് ടോപ്പും രണ്ട് മൊബൈല്‍ ഫോണും മാത്രമേ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളുവെന്നും സരിത വ്യക്തമാക്കി. അറസ്റ്റിലാവുമ്പോൾ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പിന്നീട് കാണാതായതായും സരിത കമ്മീഷനില്‍ പരാതിപ്പെട്ടു.
അതേസമയം, സരിതയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന് കമ്മീഷനില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കമ്മീഷന് വ്യക്തമാക്കി. തെളിവെടുപ്പ് ജനവരി നാലിന് തുടരും