എന്തൊക്കെ കുറുക്കൻ കൗശലങ്ങൾ പ്രയോഗിച്ചാലും സോളാർ തട്ടിപ്പ് കേസില്‍ നിന്ന് മുഖ്യമന്ത്രി രക്ഷപ്പെടില്ല: വിഎസ്

Webdunia
ബുധന്‍, 13 ജനുവരി 2016 (15:38 IST)
എന്തൊക്കെ കുറുക്കൻ കൗശലങ്ങൾ പ്രയോഗിച്ചാലും സോളാർ തട്ടിപ്പ് കേസില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രക്ഷപ്പെടാൻ പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. സോളാർ കമ്മീഷനെ ശ്വാസം മുട്ടിച്ച് അന്വേഷണം അട്ടിമറിക്കാനും സത്യം പുറത്തു വരാതിരിക്കാനുമുള്ള ഗൂഢതന്ത്രങ്ങളാണ് ഉമ്മൻചാണ്ടി പയറ്റുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും യുഡിഎഫ് സർക്കാരും ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.

സോളാർ കേസ് അട്ടിമറിക്കാനാണ് പ്രതി സരിത എസ് നായർ കമ്മീഷനു മുന്നിൽ ഹാജരാകാതിരിക്കുന്നത്. നേരത്തെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണൻ ഹാജരാകുന്നതും സർക്കാർ ഇടപെട്ട് തടഞ്ഞിരുന്നു. പിന്നീട് കമ്മീഷന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ബിജുവിനെ ജയിലധികൃതർ കമ്മീഷനു മുന്നിൽ ഹാജരാക്കിയത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി
കേരള ജനതയോട് മാപ്പു പറയാൻ തയ്യാറാകണമെന്നും വിഎസ് പറഞ്ഞു.