ബംഗളൂരു സോളർ തട്ടിപ്പു കേസിൽ ഉമ്മൻചാണ്ടി കുറ്റവിമുക്തൻ; പിഴ ശിക്ഷ റദ്ദാക്കി - മറ്റ് പ്രതികള്‍ക്കെതിരെ കേസ് തുടരും

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (16:53 IST)
ബംഗളൂരുവിലെ വ്യവസായി എംകെ കുരുവിള നൽകിയ സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗലൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി.

സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഉമ്മൻചാണ്ടിക്ക് പിഴ ശിക്ഷ വിധിച്ചതും റദ്ദാക്കി. അദ്ദേഹത്തിനെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ അഞ്ചാം പ്രതിയായ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മൻചാണ്ടി ഹർജി നൽകിയത്.

അതേസമയം കേസിലെ മറ്റ് പ്രതികളായ സ്കോസ കൾസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, സ്കോസ എഡ്യൂക്കേഷണൽ കൾസൾട്ടൻസ് മാനേജിംഗ് ഡയറക്ടർ ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ദിലിജിത് എന്നിവർക്കെതിരെയുള്ള കേസ് തുടരും.

നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നായിരുന്നു കേസ്. കേസില്‍ നേരത്തെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരത്തിലൊരു വിധിയെന്ന് ചൂണ്ടികാണിച്ചാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article