സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈക്കൂലി നല്‍കിയെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ പിന്തുണയുമായി മന്ത്രി കെസി ജോസഫ് രംഗത്ത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സരിതയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. അവരുടെ ഇപ്പോഴത്തെ ആരോപണങ്ങൾ ആരും വിശ്വസിക്കാൻ പോവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സരിതയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ മദ്യ മുതലാളിമാരാണ്. സോളാര്‍ കമ്മീഷനില്‍ സരിത നേരത്തെ പറയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതില്‍ ദുരൂഹതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കേരളത്തിൽ ഭരണമാറ്റം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണ് സരിതയുടേതെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.90 ലക്ഷം രൂപയും ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് സരിത സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയത്. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം താന്‍ ഈ പണം തിരികെ ചോദിച്ചെങ്കിലും പണം തരാന്‍ മന്ത്രി തയ്യാറായില്ലെന്നും സരിത അന്വേഷണ കമ്മീഷനോട് പറഞ്ഞു.
2011 ജൂണിലാണ് താന്‍ ആദ്യമായി മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. ഗണേഷ് കുമാറിന്റെ പി എ ആണ് മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി തന്നത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ജോപ്പന്റെ നമ്പര്‍ നല്കുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതി എന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടത്. പദ്ധതിയുമായി മുമ്പോട്ടു പോകുന്നതിനു തടസങ്ങള്‍ നേരിട്ട സമയത്ത് ആര്യാടന്‍ മുഹമ്മദിന്റെ പി എ ആയ കേശവനെ വിളിക്കുകയും കേശവന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍, 25 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ച് പി എയ്ക്ക് കൈമാറിയെന്നും സരിത കമ്മീഷനോട് പറഞ്ഞു. ബാക്കി 15 ലക്ഷം രൂപ ഒരു ചടങ്ങില്‍ വെച്ചാണ് കൈമാറിയതെന്നും അവര്‍ പറഞ്ഞു.