സംസ്ഥാനത്തെ മദ്യനയം മുഴുവന്‍ കൈയടി നേടാനുള്ളതാണെന്നും, ക്രൈസ്തവ സഭകൾ കുര്‍ബാനയ്ക്ക് എന്ന പേരില്‍ ഉൽപാദിപ്പിക്കുന്ന വീഞ്ഞ് സഭ പുറത്തും വിൽക്കുകയാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കുർബാനയുടെ മറവില്‍ ക്രൈസ്തവ സഭകൾ പരിധിയില്‍ കൂടുതല്‍ വീഞ്ഞാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിനായി 24 ഡിസ്റ്റിലറികളാണ് സഭയ്ക്ക് കീഴിലായി പലയിടത്തുമുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മദ്യനയം രൂപികരിച്ചതില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ പോഴനാണെന്ന് വ്യക്തമായെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മദ്യ നയം രൂപികരിക്കപ്പെട്ട സാഹചര്യത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉപയോഗിക്കുന്ന വീഞ്ഞും നിരോധിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. മദ്യം വേണ്ടെന്നു പറയുന്നവർ വൈനും വേണ്ടെന്നു പറയാൻ തയ്യാറാകണം. ആരാധനാലയങ്ങളിലെ വൈൻ വില്പനയും നിരോധിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന പുറത്തുവന്നതോടെ ഈ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എം മാണി വ്യക്തമാക്കിയിരുന്നു. മറുപടി കൊടുക്കാനുള്ള യോഗ്യത വെള്ളാപ്പള്ളിക്കില്ലെന്ന് കെസിബിസി മദ്യവിരുദ്ധസമിതി വക്താവ് ഫാദർ ടിജെ ആന്റണി പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശൻ ഈ പ്രസ്ഥാവന നടത്തിയത്.