അഭയ കേസ്; ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (11:13 IST)
സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള വിധിയാണ് സിബിഐ കോടതി അറിയിച്ചത്. ജോസ് പുതൃക്കയിലിനെതിരെ തെളിവുകളൊന്നുമി‌ല്ലെന്ന നിഗമനത്തിലാണ് കോടതി. 
 
കേസിലെ മറ്റ് പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ കാര്യത്തില്‍ സിബിഐ അനുകൂല വിധിയെടുത്തില്ല. ഇരുവരുടെയും ഹര്‍ജി കോടതി തള്ളി. കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് വൈദികരായ ഫാ. തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവിച്ചത്.  
 
ഏഴ് വര്‍ഷമായിട്ടും ഹര്‍ജിയിലെ വാദം നീണ്ട് പോയതിന് പ്രതിഭാഗത്തെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. പ്രതികളുടെ തടസ്സവാദങ്ങളാല്‍ നീണ്ടുപോയ വാദം തിരുവനന്തപുരം സിബിഐ കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.  
 
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളെ 2008ലാണ് അറസ്റ്റ് ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നും ആവശ്യപ്പെട്ട് മൂവരും കോടതിയെ സമീപിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article