കസ്‌റ്റഡി മരണം; അന്വേഷണം മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ വേണം- മനുഷ്യാവകാശ കമ്മിഷൻ
ചൊവ്വ, 21 ജൂലൈ 2015 (14:06 IST)
മരങ്ങാട്ടുപിള്ളിയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പാറയ്ക്കൽ സിബി മരിച്ച കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജെബി കോശി. രാഷ്ട്രീയ പാർട്ടികൾ സിബിയുടെ മൃതദേഹം വച്ചു മുതലെടുപ്പു നടത്തിയതു ശരിയായില്ല. അന്വേഷണത്തിൽ നിഷ്പക്ഷത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സിബിയുടെ മരണത്തില്‍ പൊലീസ് കൃത്രിമത്വം കാണിച്ചുവെന്ന് ആരോപണം ശക്തമായി. സംഭവത്തില്‍ പൊലീസ് ഗുരുതരമായ വീഴ്‌ച വരുത്തി. മരണത്തില്‍ പൊലീസ് മനപൂര്‍വ്വം കൃത്രിമത്വം വരുത്താന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്.
സിബിയുടെ മരണത്തെ തുടര്‍ന്ന് തയ്യാറാക്കിയ എഫ്ഐആര്‍ ഉള്‍പ്പെടെയുളള രേഖകളില്‍ പോലീസ് കൃത്രിമത്വം കാണിച്ചു. സിബി ആശുപത്രിയില്‍ കഴിയുമ്പോള്‍ തയ്യാറാക്കിയ മൂന്ന് എഫ്ഐആറുകളും പൊലീസ് ഗൂഢാലോചന നടത്തിയശേഷം ഉണ്ടാക്കിയതാണെന്ന് സിപിഎം ആരോപിച്ചു. ഇതിനിടെ സിബിയുടെ ദേഹത്ത് 28-ഓളം മുറിവുകള്‍ ഉളളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സിബിയുടെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധന നടത്തണമെന്ന വ്യവസ്ഥ പൊലീസ് പാലിച്ചില്ലെന്നും കേസ് സമഗ്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അതിന്റെ ഭാഗമായി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും ആഭ്യന്തരമന്ത്രി നിയമസഭയില്‍ കഴിഞ്ഞ ആഴ്‌ച പറഞ്ഞിരുന്നു.
ഒരാളെ കസ്‌റ്റഡിയിലെടുക്കുബോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചല്ല സിബിയെ അറസ്‌റ്റ് ചെയ്‌തതെന്ന് ജില്ലാ കലക്‍ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സ്‌റ്റേഷനിലെത്തിച്ചിട്ടും വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയില്ല. സിബിയുടെ ദേഹത്തുണ്ടായിരുന്ന മുറിവുകളെപ്പറ്റി പോലീസ് രേഖപ്പെടുത്തിയില്ല. അതിനാല്‍ കസ്‌റ്റഡിയില്‍ എടുത്തതിനുശേഷമാണോ അതിനു മുമ്പാണോ യുവാവിനു പരുക്കേറ്റതെന്നു വ്യക്‌തമാക്കാന്‍ പൊലീസിനു സാധിച്ചിട്ടില്ല. അറസ്‌റ്റ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയായിരുന്നുവെങ്കില്‍ വിവാദം പോലും ഉണ്ടാകുമായിരുന്നില്ലെന്ന് കലക്‌ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.