ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ; ചോദ്യം ചെയ്യല്‍ തുടരുന്നു
യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ എഫ്ഐആർ. കേസന്വേഷണത്തിന്റെ ഭാഗമായി 30 പേരെ ചോദ്യം ചെയ്‌തതായും മട്ടന്നൂർ പൊലീസ് വ്യക്തമാക്കി.
ശുഹൈബിന്റെ വധത്തില്‍ കണ്ണൂർ ചാലോട് സ്വദേശിയായ സിഐടിയു പ്രവർത്തകനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തുവരുകയാണ്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിപിഎം പ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്‌തതായി സൂചനയുണ്ട്.
എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. പ്രതികളെ പിടിക്കാത്തത് സിപിഎമ്മിന്‍റെ ഇടപെടൽ മൂലമാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്.