അഴിയാക്കുരുക്കായി ചോരക്കളി; കാലിടറി നേതൃത്വം - തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന ആശങ്കയില്‍ പാര്‍ട്ടി

ബുധന്‍, 20 ഫെബ്രുവരി 2019 (15:06 IST)
അഴിയുന്തോറും കുരുക്ക് മുറുകുന്ന അവസ്ഥയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഒന്നിനു പുറകെ ഒന്നായി വിവാദങ്ങളും പ്രശ്‌നങ്ങളും. നേതൃത്വത്തെ വെട്ടിലാക്കി പാര്‍ട്ടിയുടെ അടിവേരറക്കാന്‍ പോകുന്ന കൊലപാതക പരമ്പരകളും. ലോക്‍സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വസിക്കാന്‍ ഒന്നുമില്ലാത്തെ അവസ്ഥ.

കാസർകോട്ടെ പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തീരാത്ത കളങ്കമായി. ചരിത്രത്തിലാദ്യമായി കേസിൽ സംശയമുള്ള നേതാവിനെ അതിവേഗം പാർട്ടി പുറത്താക്കുന്നതും സംസ്ഥാനം കണ്ടു.

എകെജി സെന്ററില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്‌ച നടത്തുകയും പിന്നാലെ കൊലപാതകത്തെ തള്ളി മുഖ്യമന്ത്രി രംഗത്തു വന്നതും സാഹചര്യത്തിന്റെ തീവ്രത വെളിവാക്കുന്നതായിരുന്നു.

സിപിഎം മുന്‍ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്റെ നേതൃത്വത്തിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് അന്വേഷണ സംഘവും കണ്ടെത്തി. ഇതോടെ ലോക്‍സഭ തെരഞ്ഞെടുപ്പ് എങ്ങനെ നേരിടുമെന്ന ആശങ്ക പാര്‍ട്ടിയില്‍ ശക്തമായി.

സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ എൽഡിഎഫിന്റെ കേരള സംരക്ഷണ യാത്ര കാസർകോട്ടുനിന്ന്‌ കണ്ണൂരിലേക്ക് പ്രവേശിച്ച രാത്രിയില്‍ നടന്ന കൊലപാതകം ലോക്‍സഭ തെരഞ്ഞെടുപ്പിലെ
എല്‍ഡിഎഫിന്റെ സാധ്യതകളെ ഒരു പരിധിവരെ ഇല്ലാതാക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൊലപാതക രാഷ്‌ട്രീയം മുഖ്യവിഷയമാക്കുമെന്നതില്‍ സംശയമില്ല. ഇതിന്  മറുപടിപറയാൻ പാർട്ടിക്കാകില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിൽ നടന്ന ഷുഹൈബ് വധം സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടുകയാണ്. ഇതിന് പിന്നാലെയാണ് അതിനേക്കാൾ ദാരുണമായ ഇരട്ടക്കൊലപാതകം സിപിഎമ്മിന് വന്നു വീഴുന്നത്.

വികസന നേട്ടങ്ങളും, ശബരിമല വിഷയത്തില്‍ ബിജെപിയും സംഘപരിവാറും നടത്തിയ വർഗീയ അജൻഡയും ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ചർച്ചയാക്കാനായിരുന്നു എൽഡിഎഫ് ലക്ഷ്യം. കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള ഭരണ നേട്ടങ്ങളുടെ ലിസ്‌റ്റും സര്‍ക്കാര്‍ തയ്യാറാക്കിവച്ചിരുന്നു. എന്നാല്‍, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ ഈ നേട്ടങ്ങളെല്ലാം അപ്രസക്തമായി.

പൊതു സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത ഇപ്പോള്‍ സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്. ഉത്തരം നല്‍കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. കൊലപാതക രാഷ്‌ട്രീയത്തില്‍ നിന്നും പിന്മാറുന്നതിനൊപ്പം പ്രവര്‍ത്തകരെയും നേതാക്കളെയും നിലയ്‌ക്ക് നിര്‍ത്താന്‍ നേതൃത്വത്തിനാകണം. അല്ലാത്തപക്ഷം കൂടുതല്‍ പ്രതിസന്ധിയിലേക്കാകും തൊഴിലാളി പ്രസ്‌ഥാനത്തിന്റെ പോക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍