തന്നെ ആക്രമിച്ചപ്പോൾ പാർട്ടി ഇടപെട്ടില്ല, അപമാനിക്കപ്പെട്ടതിനാൽ കൊല്ലാൻ തീരുമാനിച്ചു: പീതാം‌ബരന്റെ മൊഴി

ബുധന്‍, 20 ഫെബ്രുവരി 2019 (10:25 IST)
കാസർഗോഡ് പെരിയയിലെ ഇരട്ടകൊലപാതകത്തിൽ അറസ്റ്റ് രേഖപ്പെടുത്തിവരെ ചോദ്യം ചെയ്ത് പൊലീസ്. അപമാനിച്ചതിൽ പ്രതികാരം തീർത്തതാണെന്ന് പ്രധ്യാന പ്രതി പീതാംബരൻ മൊഴി നൽകി. തന്നെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടവരാണ് ശരത്‌ലാലും കൃപേഷുമെന്ന് കസ്റ്റഡിയിലായ പീതാംബരൻ മൊഴി നൽകി.
 
കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാത്ത് നിരാശ ഉണ്ടാക്കിയെന്നും പീതാംബരന്‍ പോലീസന് നല്‍കിയ മൊഴിയില്‍ പറയുന്നു. കൊല നടത്തിയത് കഞ്ചാവ് ലഹരിയിൽ ആയിരുന്നുവെന്നും പ്രതികൾ മൊഴി നൽകി. 
 
തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിച്ചില്ലെന്നും അതിനാൽ സ്വയം കണക്ക് തീർത്തതാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. 
 
കൃപേഷും ശരത് ലാലും പെരിയയില്‍ വെച്ച് പീതാംബരനെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. കൈ ഒടിഞ്ഞ നിലയിലാണ് അന്ന് പീതാംബരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശരത് ലാല്‍ റിമാന്‍ഡില്‍ ആയിരുന്നു. ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്. എന്നാൽ ഇതിൽ കൃപേഷിനെതിരേയും കേസെടുക്കണമെന്നായിരുന്നു പീതാംബരന്റെ ആവശ്യം. 
 
പക്ഷേ, സംഭവം നടക്കുമ്പോൾ കൃപേഷ് സ്ഥലത്ത് ഇല്ലായിരുന്നു. അതിനാൽ തന്നെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൃപേഷിനെ പ്രതിചേര്‍ത്തിരുന്നില്ല. പക്ഷെ പീതാംബരന്‍ ഈ ആവശ്യം പാര്‍ട്ടി തലത്തിലും ഉന്നയിച്ചു. പാർട്ടിയിൽ നിന്നും അനുകൂല മറുപടികളൊന്നും ലഭിച്ചില്ല. ഇതാണ് പീതാംബരനെ പ്രകോപിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍