'സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കേണ്ടത് പ്രഥമ ഉത്തരവാദിത്വം': ശൈലജ ടീച്ചർ

വെള്ളി, 9 നവം‌ബര്‍ 2018 (08:13 IST)
സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്വം സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കേണ്ടതാണെന്നും അതിനുവേണ്ടി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ‍.
 
നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 
നഗരത്തില്‍ നിരാലംബരായി എത്തുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ ഏഴ് വരെ സുരക്ഷിതമായ വിശ്രമം സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി. 50 പേര്‍ക്കാണ് ഒരേ സമയം ഇവിടെ താമസിക്കാന്‍ സാധിക്കും. 
 
ഈ പദ്ധതി ഓരോ ജില്ലയിലും തുടര്‍ന്ന് നടപ്പാക്കും. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായാണ് എന്റെ കൂട് പ്രവര്‍ത്തനമാരംഭിക്കുന്നത്. പലവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് മൂന്നുദിവസം വരെ തുടര്‍ച്ചയായി താമസിക്കാവുന്ന തരത്തിലാണ് ഡോര്‍മിറ്ററി ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍