Shafi Parambil: പാലക്കാട് എംഎൽഎ സ്ഥാനം ഷാഫി പറമ്പിൽ രാജിവെച്ചു, പകരക്കാരനായി രാഹുൽ മാങ്കൂട്ടമോ ബിടി ബൽറാമോ?

അഭിറാം മനോഹർ

ചൊവ്വ, 11 ജൂണ്‍ 2024 (15:50 IST)
വടകരയില്‍ നിന്നും ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി നല്‍കിയത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതിരെഞ്ഞെടുപ്പുണ്ടാകുമെന്ന് ഉറപ്പായി.
 
 പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ നിയമസഭയിലെ അനുഭവങ്ങള്‍ കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പില്‍ പറഞ്ഞു. പോയി തോറ്റിട്ടു വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാര്‍ തന്നെ വടകരയിലേക്ക് അയച്ചതെന്നും ആ രാഷ്ട്രീയബോധ്യം ഉപതിരെഞ്ഞെടുപ്പിലും പാലക്കാട്ടുകാര്‍ കാണിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കഴിഞ്ഞ 3 നിയമസഭാ തിരെഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെയാണ് മണ്ഡലം പിന്തുണച്ചത്. കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ ഇറക്കി ബിജെപി മുന്നേറിയെങ്കിലും പാലക്കാട് 3859 വോട്ടിന് വിജയിക്കുവാന്‍ ഷാഫിക്ക് സാധിച്ചിരുന്നു. 

ലോകസഭാ തിരെഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം നിയമസഭയിലും നേടാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഷാഫി സ്ഥാനമൊഴിയുന്ന ഒഴിവില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടമോ വിടി ബല്‍റാമോ മത്സരിക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍