ഒന്നരക്കയ്യൻ എന്ന് വിളിച്ച് പരിഹസിച്ചു, ക്ലാസ് തീർന്നപ്പോൾ കൂട്ടയടി; ബാദുഷയ്ക്ക് എസ്എഫ്ഐ നല്‍കിയത് മറക്കാനാകാ‌ത്ത വേദന

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2017 (08:26 IST)
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളെജില്‍ അംഗപരിമിതിയുളള വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ കെ.എം ബാദുഷക്കാണ് ആറോളം എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനമേറ്റത്. മര്‍ദനമേറ്റതിനെ തുടര്‍ന്ന് ബാദുഷയെ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
കോളേജിൽ അവസാന ദിന പരീക്ഷയായിരുന്ന ഇ‌ന്നലെയായിരുന്നു സംഭവം. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാദുഷയുടെ താടിക്ക് തട്ടി നീ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രകോപനങ്ങള്‍. തുടര്‍ന്ന് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. കോളെജ് ചെയര്‍മാൻ അടക്കം ആറോളം വിദ്യാര്‍ത്ഥികളാണ് മര്‍ദിച്ചതെന്നും ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നുമാണ് ബാദുഷ പരാതിയില്‍ വ്യക്തമാക്കുന്നു. 
 
ഒന്നരക്കയ്യൻ എന്ന് വി‌ളിച്ച് എപ്പോഴും പരിഹസിക്കുമെന്നും ബാദുഷ പറയുന്നു. മകന്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയിലും അംഗമല്ലെന്നും യാതൊരു കാരണങ്ങളുമില്ലാതെയാണ് അവനെ മദ്യലഹരിയിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച് അവശനാക്കിയതെന്നും ബാദുഷയുടെ പിതാവ് കെ.ബി മക്കാര്‍ പറഞ്ഞു. 
Next Article