സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

ശനി, 28 മെയ് 2016 (11:44 IST)
സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളുടെ കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് മന്ത്രി വ്യക്തമാക്കിയത്.
 
മലാപ്പറമ്പ്, കിനാലൂർ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. ജൂൺ മധ്യത്തോടെ പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തിക്കും. പുസ്തകങ്ങളുടെ അച്ചടി 70 ശതമാനം പൂർത്തിയായി. അതേസമയം, സ്കൂള്‍ പ്രവേശത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്നും പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയായതോടെ അധികം വരുന്ന അധ്യാപകരുടെ ശമ്പളം മുടങ്ങില്ല. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് ആശങ്ക വേണ്ട. അധ്യാപകരുടെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക