പാലക്കാട് വടക്കഞ്ചേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദേശീയപാത വാളയാര്‍-വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്ന് പുലര്‍ച്ചെ അപകടം നടന്നത്. ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. ബസിനു പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലേക്കാണ് എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസ് ഇടിച്ചുകയറിയത്. അഞ്ചു വിദ്യാര്‍ഥികളും ഒരു അധ്യാപകനും അടക്കം ഒന്‍പത് പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന വിവരം.
ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് ഊട്ടി യാത്രയ്ക്ക് ബസുമായി സ്‌കൂളിലെത്തിയത്. ഇയാള്‍ ക്ഷീണിതനായിരുന്നു. ഉറക്കം ലഭിക്കാത്ത പോലെ ഉണ്ടായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ തനിക്ക് പ്രശ്‌നമില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞതെന്നും രക്ഷിതാവ് പറഞ്ഞു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി.