മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചേ മതിയാകൂ; സര്‍ക്കാര്‍ 25 ലക്ഷം രൂപവീതം നല്‍കണമെന്ന് സുപ്രീംകോടതി - തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും

മെര്‍ലിന്‍ സാമുവല്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (14:16 IST)
മരട് ഫ്ലാ‍റ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍തന്നെ 25 ലക്ഷംരൂപ താല്‍ക്കാലിക നഷ്‌ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം. നാല് ആഴ്‌ചയ്‌ക്കുള്ളില്‍ ഈ തുക നല്‍കണം. നഷ്‌ട പരിഹാരത്തുക ഫ്ലാ‍റ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും. ഫ്ലാറ്റ് ഉടമകളെ പ്രതിസന്ധിയിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ഫ്ലാറ്റുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിലപാടറിയിച്ചത്. സിആര്‍ഇസഡ് മേഖലകളിലെ അനധികൃത നിര്‍മാണവും അതിനു പിന്നാലെ ഉണ്ടാകാവുന്ന പ്രകൃതി ദുരന്തങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. ഫ്ലാറ്റുകള്‍ പൊളിച്ചേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി.

ഫ്ലാറ്റുകളിൽ നിന്ന് പുറത്ത് പോകുന്നവർക്ക് അഭയകേന്ദ്രം ഉണ്ടാകണമെന്നും, ജനങ്ങളെ ഒഴിപ്പിക്കാനല്ല നിയമലംഘനം തടയാനാണ് ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

അടുത്തമാസം 11ന് നടപടികൾ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 90 ദിവസത്തിനുള്ളിൽ കെട്ടിടങ്ങൾ പൊളിക്കുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. 138 ദിവസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.

കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക ഉടന്‍ സമര്‍പ്പിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article