പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകരുത്, ആറ് മണിക്കൂറിനുള്ളിൽ തിരിച്ച് നിലയ്‌ക്കൽ എത്തണം; പൊലീസിന്റെ വ്യവസ്ഥകളെല്ലാം അംഗീകരിച്ച് ശശികല സന്നിധാനത്തേക്ക്

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (10:41 IST)
പൊലീസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിൽ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല വീണ്ടും സന്നിധാനത്തെത്തി. നിലയ്‌ക്കലിൽ നിന്ന് പൊലീസ് ശശികലയെ തടയുകയും തുടർന്ന് നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് വായിച്ചുകേൾപ്പിക്കുകയുമായിരുന്നു. 
 
ദര്‍ശനം നടത്തി മടങ്ങിക്കൊള്ളാം എന്ന ഉറപ്പ് നൽകാൻ തയ്യാറല്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പൊലീസുകാർ വഴങ്ങിയില്ല. തുടർന്ന് പൊലീസുകാർ നിലപാട് കർക്കശ്മാക്കിയപ്പോൾ ശശികല വഴങ്ങുകയായിരുന്നു. ആറുമണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തു തുടരാനാവില്ല, പ്രാര്‍ഥനായജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നോട്ടിസിലുണ്ടായിരുന്നത്. ഇത് അംഗീകരിച്ചതായി ഒപ്പിട്ടു നല്‍കിയ ശേഷമാണ് ശശികലയ്‌ക്ക് യാത്രയ്ക്ക് അനുമതി നല്‍കിയത്. 
 
പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്ക് പോകുന്നതെന്നും ശശികല അവകാശപ്പെട്ടു. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനാലാണ് കഴിഞ്ഞദിവസം അവരെ മരക്കൂട്ടത്ത് വച്ച്‌ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article