ബിജു രാധാകൃഷ്ണന്‍ പറയുന്ന സിഡി താൻ മാറ്റിയിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായർ. ബിജു രാധാകൃഷണന്‍ പറയുന്നത് പോലെ താന്‍ കോയമ്പത്തൂരില്‍ പോകുകയോ സിഡി മാറ്റാന്‍ ശ്രമിക്കുകയോ ചെയ്‌തിട്ടില്ല. ബിജുവിനെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ ദിവസം താന്‍ തിരുവനന്തപുരത്തായിരുന്നു. എന്നാല്‍ ബിജുവിനെ കോയമ്പത്തൂരില്‍ കൊണ്ടു പോയ ദിവസം തമ്പാനൂര്‍ രവി വിളിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രി ആര്യാടനെതിരെയുമുള്ള തെളിവുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സരിത വ്യക്തമാക്കി.
ബിജുവിനെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ ദിവസം ഉച്ചയ്ക്ക് 12.45 നാണ് തമ്പാനൂര്‍ രവി ഫോൺ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെയുള്ളതും ആര്യാടനെതിരെയുമുള്ള തെളിവുകള്‍ മാറ്റാന്‍ വേണ്ടി പറയാനായിരുന്നു വിളിച്ചത്. ചിലപ്പോള്‍ വീട്ടില്‍ റെയ്‌ഡ് നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്നും സരിത വ്യക്തമാക്കി. ബിജുവുമായി ഒന്നരവര്‍ഷമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ല. അതിനാൽ തന്നെ അയാള്‍ എവിടെ പോകുന്നു, എന്തൊക്കെ തെളിവുകളാണ് അയാളുടെ കൈവശമുള്ളത് എന്ന കാര്യങ്ങൾ തനിക്ക് അറിയില്ലെന്നും സരിത പറഞ്ഞു.
സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ആകെക്കൂടി അറിയാവുന്നത് മുഖ്യമന്ത്രിയേയും ആര്യാടനേയുമാണ്. അവര്‍ക്കെതിരെയുള്ള തെളിവുകളാണ് കമീഷന് കൈമാറുക. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കമീഷനോട് സമയം ചോദിക്കുമെന്നും സരിത അറിയിച്ചു.