സാറാ ജോസഫ് പുരസ്‌കാരം തിരിച്ചുനല്‍കും; സച്ചിദാനന്ദനും പികെ പാറക്കടവും രാജിവെച്ചു

ശനി, 10 ഒക്‌ടോബര്‍ 2015 (10:34 IST)
കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകും. കവിയും നിരൂപകനുമായ സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വവും രാജിവെച്ചു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ എന്നിവയിലെ അംഗത്വമാണ് സച്ചിദാനന്ദന്‍ രാജിവെച്ചത്. പികെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു

അലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന് ലഭിച്ച 50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് തിരിച്ചു നല്‍കുക. കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് ബോർഡിൽ നിന്നും ജനറൽ കൗൺസിലിൽ നിന്നും പ്രമുഖ കവി കെ സച്ചിദാനന്ദനും രാജിവെച്ചു.

ഇന്ത്യയിൽ വളർന്നുവരുന്ന ഭീതിയുണർത്തുന്ന അവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് പുരസ്‌ക്കാരം തിരിച്ചു നല്‍കുന്നത്. ഇന്ത്യയില്‍ നിലവിലുള്ളത് ഭീകരമായ അന്തരീക്ഷമാണ്. ദാദ്രി സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസാരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടില്‍ മോഡി മൌനത്തിലാണ്. ഇത് തികച്ചു ദൌര്‍ഭാഗികരമാണെന്നും സാറാ ജോസഫ് പറഞ്ഞു.

എഴുത്തുകാരിയുടെ കടമയാണ് വളര്‍ന്നു വരുന്ന വര്‍ഗീയതയ്‌ക്കെതിരെ പ്രതിഷേധിക്കുക എന്നത്. ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേരാൻ രണ്ടുദിവസം വൈകിപ്പോയതിൽ സങ്കടമുണ്ട്. ഇന്ത്യയിൽ വളർന്നുവരുന്ന ഭീതിയുണർത്തുന്ന അവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധമാണെന്നും സാറാ ജോസഫ് പറ‍ഞ്ഞു.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള അവകാശം രാജ്യത്ത് ഇല്ലാതാകുകയാണ്. അത് കഴിക്കുന്നവരെ വീട്ടില്‍ കയറി കൊല്ലുകയാണ്. എഴുത്തുകാരെ കൊന്നുകളയുന്നതടക്കമുള്ള സാംസ്കാരിക പ്രവർത്തനമാണ് മോഡി സർക്കാർ നടത്തുന്നതെന്നും
സാറാ ജോസഫ് പറഞ്ഞു.

കൽബുർഗി കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതിൽ ഗൗരവമേറിയ ഒരു പ്രതികരണവും സാഹിത്യ അക്കാദമി നടത്തിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് സച്ചിദാനന്ദൻ അറിയിച്ചു. പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയും നെഹ്‌റുവിന്റെ സഹോദരി പുത്രിയുമായ നയന്‍താര സെഹ്ഗാളും കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പേയിയും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ കല്‍ബുര്‍ഗി വധത്തില്‍ മൗനം പാലിക്കുന്ന അക്കാദമിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും പദ്മശ്രീ ജേതാവുമായിരുന്ന ശശി ദേശ് പാണ്ഡെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കുകയുണ്ടായി.

വെബ്ദുനിയ വായിക്കുക