മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്ന് സനുമോഹന്‍; വൈഗയുടെ രക്തത്തില്‍ ആല്‍ക്കഹോള്‍ അംശം എങ്ങനെ വന്നു? ഫ്‌ളാറ്റിലെ രക്തക്കറ ആരുടേത്?

ചൊവ്വ, 20 ഏപ്രില്‍ 2021 (12:32 IST)
മകളെ കൊന്നത് താന്‍ തന്നെയാണെന്ന് സനുമോഹന്‍ കുറ്റസമ്മതം നടത്തി. എന്നാല്‍, പൊലീസിന് അത് പോരാ! കാരണം, സംശയങ്ങള്‍ ഏറെയാണ്. എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താനുള്ള ഓട്ടത്തിലാണ് കേരള പൊലീസ്. 
 
വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, മകളെ ശ്വാസം മുട്ടിച്ചാണ് താന്‍ കൊലപ്പെടുത്തിയതെന്നും അതിനുശേഷമാണ് പുഴയിലേക്ക് എറിഞ്ഞതെന്നും പറയുന്ന സനുമോഹന്‍ മദ്യം നല്‍കിയിട്ടില്ലെന്നും ആവര്‍ത്തിക്കുന്നു. പിന്നെ, എങ്ങനെയാണ് വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയത്? കുട്ടിക്ക് മദ്യം നല്‍കി ബോധരഹിതയാക്കിയതാകും എന്ന് പൊലീസ് കരുതുന്നു. 
 
സനുമോഹന്റെ ഫ്‌ളാറ്റില്‍ നിന്ന് രക്തക്കറ പൊലീസ് കണ്ടെത്തിയിരുന്നു. ഈ രക്തക്കറ സനുമോഹന്റെയോ വൈഗയുടെയോ അല്ല എന്നാണ് പുറത്തുവരുന്ന സൂചന. എങ്കില്‍ ആ ഫ്‌ളാറ്റില്‍ നിന്നു കണ്ടെത്തിയ രക്തക്കറ ആരുടേതാണ്? ഈ ചോദ്യത്തിനുള്ള ഉത്തരവും പൊലീസ് തേടുകയാണ്. 
 
ഫ്‌ളാറ്റില്‍ വച്ച് മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് മകളെ കൊന്നതെന്നും മൂക്കില്‍ നിന്നു ചോര വന്നപ്പോള്‍ തുണികൊണ്ട് തുടച്ചു എന്നുമാണ് സനുമോഹന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഈ മൊഴിയും പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെങ്കില്‍ ശരീരത്തില്‍ ബലംപ്രയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ കാണേണ്ടതാണ്. ഇങ്ങനെയൊരു ലക്ഷണവും പൊലീസ് കണ്ടെത്തിയില്ല. മാത്രമല്ല മുങ്ങിമരണമാണെന്ന് മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
സനു ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും പൊലീസിന് തലവേദനയാകുന്നുണ്ട്. സനു മോഹനെയും ഭാര്യയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സനു മോഹന്റെ ഭാര്യയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സനു മോഹന്‍ ഇന്നലെയാണ് കുറ്റം സമ്മതിച്ചത്. മറ്റാര്‍ക്കും കൊലയില്‍ പങ്കില്ലെന്നാണ് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കിയത്. സനു മോഹന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 
 
കടബാധ്യത കാരണമാണ് മകളെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് സനു മോഹന്‍ പൊലീസിനോട് പറഞ്ഞു. ഫ്ളാറ്റില്‍ വച്ച് മകളെ ചേര്‍ത്തുനിര്‍ത്തി ഇറുക്കി. മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നത്. വൈഗയുടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. 

ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് സനു മോഹന്‍ മകളോട് പറഞ്ഞു. മരിക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങി. അമ്മ എവിടെയാണെന്ന് കുട്ടി അന്വേഷിച്ചു. അമ്മയെ ആലപ്പുഴയിലെ വീട്ടില്‍ ആക്കിയെന്ന് സമു മോഹന്‍ പറഞ്ഞു. ശ്വാസം മുട്ടിയതോടെ കുട്ടി അബോധാവസ്ഥയിലായി. വൈഗ മരിച്ചെന്നാണ് സനു കരുതിയത്. പിന്നീട് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് തോളിലിട്ട് ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങുകയായിരുന്നു. വൈഗ മരിച്ചെന്നാണ് കരുതിയാണ് ശരീരം പുഴയിലേക്ക് വലിച്ചെറിഞ്ഞത്.
 
മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു സനുവിന്റെ തീരുമാനം. എന്നാല്‍, മരിക്കാനുള്ള ഭയം കാരണം ആത്മഹത്യ ചെയ്തില്ല. അതുകൊണ്ടാണ് വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിച്ചത്. 

സനു മോഹനെ കുടുക്കിയത് 5,700 രൂപ

അതിവിദഗ്ധമായി പൊലീസിനെ കബളിപ്പിച്ച് ഒളിച്ചു താമസിക്കുകയായിരുന്നു സനു മോഹന്‍. മകള്‍ വൈഗയുടെ മരണത്തിനുപിന്നാലെ അപ്രത്യക്ഷനായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹന്‍ ഏതാണ്ട് ഒരു മാസത്തോളം മുങ്ങിനടന്നു. എന്നാല്‍, ഒളിച്ചു താമസിച്ച ലോഡ്ജില്‍ വാടക നല്‍കാതെ മുങ്ങിയതോടെ സനു മോഹന് കുരുക്ക് വീണു. ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് പൊലീസ് സനു മോഹനെ പിടികൂടിയത്. 
 
സനു മോഹന്‍ കൊല്ലൂരിലുണ്ടെന്ന് വെള്ളിയാഴ്ച പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏപ്രില്‍ പത്തിനാണ് കൊല്ലൂര്‍ ബീന റെസിഡന്‍സിയില്‍ സനു മോഹന്‍ റൂം വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചത്. ഏപ്രില്‍ 16 വെള്ളിയാഴ്ച രാവിലെ ലോഡ്ജില്‍ നിന്നിറങ്ങി. ആറ് ദിവസത്തോളം ലോഡ്ജില്‍ തങ്ങിയതിനു 5,700 രൂപ വാടകയായി നല്‍കേണ്ടിയിരുന്നു. സൗപര്‍ണികാതടത്തില്‍ പോയി വരാമെന്ന് പറഞ്ഞാണ് ഏപ്രില്‍ 16 നു സനു മോഹന്‍ ലോഡ്ജില്‍ നിന്ന് ഇറങ്ങിയത്. ഉടന്‍ തിരിച്ചുവരുമെന്നും അപ്പോള്‍ കാര്‍ഡ് വഴി ഒന്നിച്ചു പണം നല്‍കാമെന്നുമായിരുന്നു ലോഡ്ജിലെ ജീവനക്കാരനോട് സനു മോഹന്‍ പറഞ്ഞത്. എന്നാല്‍, സനു മോഹന്‍ പിന്നീട് തിരിച്ചെത്തിയില്ല. ലോഡ്ജ് അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടു. മുറിയെടുക്കാനായി സനു നല്‍കിയ ആധാര്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. ദിവസങ്ങളായി പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് സനു മോഹന്‍ എന്ന് ലോഡ്ജ് അധികൃതര്‍ അടക്കം മനസിലാക്കിയത് അപ്പോഴാണ്. ലോഡ്ജില്‍ നിന്ന് ഇറങ്ങി ബസ് മാര്‍ഗം ഉഡുപ്പിയിലേക്ക് പോകാനാണ് സനു മോഹന്‍ ലക്ഷ്യമിട്ടത്. എന്നാല്‍, യാത്രാമധ്യേ കാര്‍വാറില്‍ നിന്നു കര്‍ണാടക പൊലീസ് പിടികൂടുകയും കേരള പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. 

സംഭവങ്ങളുടെ തുടക്കം
 
കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലാണ് സനു മോഹനും കുടുംബവും താമസിച്ചിരുന്നത്. സനു മോഹനെയും മകള്‍ വൈഗയെയും മാര്‍ച്ച് 21 നാണ് ഫ്ളാറ്റില്‍ നിന്നു കാണാതായത്. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ആക്കിയ ശേഷമാണ് സനു മോഹനും വൈഗയും ഫ്ളാറ്റില്‍ തിരിച്ചെത്തിയത്. പിന്നീടാണ് ഇരുവരെയും കാണാതാകുന്നത്. സനു മോഹനെയും വൈഗയെയും കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു.
 
 
വൈഗയുടെ മൃതദേഹം കണ്ടെത്തി
 
സനു മോഹനൊപ്പം കാണാതായ മകള്‍ വൈഗയുടെ മൃതദേഹം മാര്‍ച്ച് 22 നു കണ്ടെത്തി. മുട്ടാര്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റില്‍ നിന്നു ഇരുവരെയും കാണാതായ ദിവസം രാത്രി ഒന്‍പതരയോടെ വൈഗയെ പുതപ്പില്‍ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹന്‍ കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. വൈഗയ്ക്കൊപ്പം സനു മോഹനും മരിച്ചുകാണുമെന്നാണ് പൊലീസ് ആദ്യം കരുതിയത്. ആ രീതിയിലാണ് അന്വേഷണം പൊലീസ് മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍, വ്യാപകമായി തെരച്ചില്‍ നടത്തിയിട്ടും സനു മോഹന്റെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ തൃക്കാക്കര പൊലീസ് സനു മോഹന്‍ ജീവിച്ചിരിപ്പുണ്ടാകുമെന്ന നിഗമനത്തിലേക്ക് എത്തി. 

പൊലീസ് ഇടപെടല്‍
 
സനു മോഹന്റെ വാഹനം മാര്‍ച്ച് 22 പുലര്‍ച്ചെ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പൊലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണത്തില്‍ ആദ്യത്തെ തുമ്പ് ലഭിക്കുന്നത്. സനു മോഹന്റെ വാഹനം വാളയാര്‍ ചെക്ക് പോസ്റ്റ് കടന്ന വിവരം പൊലീസ് മനസിലാക്കുന്നത് മാര്‍ച്ച് 24 നാണ് വൈകിട്ടാണ്. ഇക്കാര്യം വ്യക്തമായതോടെ സനു മരിച്ചിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചു. സനുവിനായി വ്യാപക തെരച്ചില്‍ ആരംഭിച്ചു.
 
സനു മോഹനെ കണ്ടെത്തുന്നതിനായി ആദ്യ പൊലീസ് സംഘം മാര്‍ച്ച് 25 ന് തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. രണ്ട് സംഘം എറണാകുളത്തും തൃശൂരും തെരച്ചില്‍ ആരംഭിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. മാര്‍ച്ച് 30 ന് രണ്ടാമത്തെ പൊലീസ് സംഘവും തമിഴ്നാട്ടിലെത്തി. സനു മോഹന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങളും കാറിന്റെ ചിത്രങ്ങളും ഇതിനിടയില്‍ പൊലീസ് പുറത്തുവിട്ടു. തമിഴ്നാട്ടിലടക്കം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സനു മോഹന്റെ കാറും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലൂര്‍ ബീന റെസിഡന്‍സിയില്‍ മുറി വാടകയ്ക്ക് എടുത്ത് സനു മോഹന്‍ താമസിച്ചിരുന്നു. ലോഡ്ജില്‍ നിന്ന് ഇറങ്ങി ബസ് മാര്‍ഗം സനു ഉഡുപ്പിയിലേക്ക് പോയി. ഇതെല്ലാം പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. കര്‍ണാടക, തമിഴ്നാട് പൊലീസിന്റെ സഹായം കൃത്യസമയത്ത് തേടിയതും കേരള പൊലീസിന്റെ വിദഗ്ധ ഇടപെടലായി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍