കൊല്ലൂരിൽ ആറ് ദിവസവും ക്ഷേത്രദർശനം നടത്തി, ഒരു സംഘം ആളുകളുമായി കൂടികാഴ്‌ച നടത്തി

ഞായര്‍, 18 ഏപ്രില്‍ 2021 (14:40 IST)
മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്തിനെ തുടർന്ന് ഒളിവിൽ പോയ പിതാവ് സനു മോഹനെ കൊല്ലൂരിൽ നിന്നും പോലീസ് പിടികൂടി. ആറ് ദിവസങ്ങളിലായി സനു മോഹൻ കൊല്ലൂരിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇതോടെ കേസിലെ ദുരൂഹതകൾ നീങ്ങുമെന്നാണ് പോലീസ് വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.
 
അതേസമയം കൊല്ലൂരിൽ ഇയാൾ ഒരു സംഘവുമായി കൂടിക്കാഴ്‌ച്ച നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘത്തെ കണ്ടെത്തിയാൽ അന്വേഷണത്തിൽ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണു പൊലീസ് കരുതുന്നത്. സനുമോഹനുമായി ഈ സംഘത്തിനുള്ള ബന്ധമെന്താണ്? എന്താണ് ഇവർ തമ്മിൽ സംസാരിച്ചത് എന്നിവയാണ് പോലീസ് അന്വേഷിക്കുന്നത്.
 
അതേസമയം മാന്യമായ ഇയാളുടെ പെരുമാറ്റം മൂലം സംശയങ്ങൾ ഒന്നുംതന്നെ തോന്നിയില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞിരുന്നത്. താമസിച്ച ആറ് ദിവസവും ഇയാൾ ക്ഷേത്രദർശനം നടത്തിയിരുന്നു. ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു.
 
എന്നാൽ രാവിലെ പുറത്തുപോയ സനുമോഹൻ രണ്ട് മണിയായിട്ടും തിരിച്ചെത്തിയില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാൾ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍