തൃശ്ശൂർ: സേലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയും അമ്മ മരിയയും ചികിത്സയില്‍ തുടരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചിരുന്നു. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയ ശേഷമാകും സംസ്കാരം എന്ന് ബന്ധുക്കൾ അറിയിച്ചു.
ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ചാക്കോ മരണപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു.