സ്‌ത്രീ വിഷയത്തില്‍ ഭയപ്പെടില്ല, കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നു; രാഹുൽ ഈശ്വർ
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (14:47 IST)
ശബരിമല ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള മീ ടു ആരോപണമെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ.
സ്ത്രീ വിഷയത്തിൽ പേടിപ്പിച്ചാൽ പലരും പേടിക്കുമെങ്കിലും തനിക്ക് ഭയമില്ല. യുവതികളായ ഫെമിനിസ്റ്റുകള്‍ കൂടി പ്രവേശിച്ചാല്‍ ശബരിമലയില്‍ വ്യാജ മീ ടൂ ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണ്. ഇത്തരത്തിലുള്ള കൂടുതല്‍ ആരോപണങ്ങള്‍ നവംബർ 5, 15 തീയതികൾക്കു മുമ്പ് പ്രതീക്ഷിക്കുന്നുണ്ട്. എതിര്‍പക്ഷത്തുള്ളവരെ തേജോവധം ചെയ്യാന്‍ മീ ടൂ ഉപയോഗിക്കുന്നത്
തരംതാണ പ്രവൃത്തിയാണെന്നും രാഹുല്‍ വ്യക്തമാക്കി.
കുടുംബ സമേതമാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. രാഹുലിനെതിരായ മീടു ആരോപണം തള്ളുന്നതായി ഭാര്യ ദീപ പറഞ്ഞു. മുത്തശ്ശി ദേവകി അന്തര്‍ജനം, അമ്മ മല്ലിക നമ്പൂതിരി, ഭാര്യ ദീപ, അഭിഭാഷക ശാന്തി മായാദേവി എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.